ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനൊപ്പം ആഗോള എണ്ണവിപണിയും കടുത്ത പ്രതിസന്ധിയിലേക്ക്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ സാധാരണ ജനജീവിതത്തെയും വ്യവസായ മേഖലയെയും ഇത് നേരിട്ട് ബാധിക്കാൻ തുടങ്ങി.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയതോടെ ഡൽഹിയിൽ അതിന്റെ വില 2,078.50 രൂപയായി ഉയർന്നു. സാധാരണയായി ഓരോ മാസവും ഒന്നാം തീയതിയിലാണ് വില പരിഷ്കരണം നടക്കാറുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്.
വിമാനയാന മേഖലയെയും ഈ വിലക്കയറ്റം ശക്തമായി ബാധിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എ.ടി.എഫ് വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ടുലക്ഷം രൂപ കടന്നിരിക്കുകയാണ്. ഡൽഹിയിൽ ഇത് 2,07,341.22 രൂപയായി ഉയർന്നത് വലിയ ആശങ്കകൾക്കിടയാക്കുന്നു. ഇതിന് മുമ്പ് 2022-ൽ റഷ്യ- യുക്രൈൻ യുദ്ധ സമയത്തുണ്ടായ ഏകദേശം 1.1 ലക്ഷം രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്.
