Home » Blog » Kerala » പശ്ചാത്തല വികസനത്തിൽ കേരളം കുതിക്കുകയാണ് – മന്ത്രി പി.എ. മുഹമ്മദ് റിയാസ്
images (79)

പശ്ചാത്തല വികസത്തിൽ വലിയ കുതിപ്പാണ് കഴിഞ്ഞ പത്ത് വർഷം കേരളം നേടിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

കേരളത്തിൽ വലിയ പാലങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങി നിരവധി വികസനങ്ങൾ നടപ്പിലാക്കി. ജനങ്ങളാകെ അനുഭവിച്ചറിഞ്ഞ മാറ്റങ്ങളാണ് പശ്ചാത്തല വികസന മേഖലയിലേത് എന്നും മന്ത്രി പറഞ്ഞു.

 

ലോകബാങ്ക് ധനസഹായത്തോടെ ചലഞ്ച് ഫണ്ടിൽ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് സുരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് 36 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

മേൽപ്പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കാര്യത്തിൽ കേരളം വലിയ നേട്ടം കൈവരിച്ചു. ഇപ്പോൾ ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ് (ബിഎം ബിസി) റോഡുകളും കേരളത്തിൽ വന്നു. ഇന്ത്യയിൽ റോഡ് നിർമ്മാണ രീതിയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുള്ള നിർമ്മാണ രീതിയാണ് ബിഎംബിസി. അഞ്ചുവർഷംകൊണ്ട് അൻപത് ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി ആക്കുമെന്നായിരുന്നു ലക്ഷ്യം. ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് ശൃംഖലയുടെ അറുപതു ശതമാനം നവീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

2016ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷം കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിലെ മാറ്റം മാജിക് പോലെയാണ്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് പണം ചിലവഴിക്കാൻ തയ്യാറായി. 600 കിലോമീറ്ററോളം വരുന്ന ദേശീയപാത 66, 480 കിലോമീറ്റർ നിലവിൽ പൂർത്തീകരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ, തീരദേശ പാത, തുരങ്ക പാത എന്നിവയുടെ വലിയൊരു ശതമാനം പൂർത്തീകരിച്ചു. പശ്ചാത്തല വികസന മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.

 

എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം എൽ എ അധ്യക്ഷനായി. എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സാന്ത്വനം മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി 348 പേർക്കുള്ള കണ്ണടകളും ചടങ്ങിൽ വിതരണം ചെയ്തു.

 

എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. തോമസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. എസ്. നിബിൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി സിനോജ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.