94f85816ad4a9f9e8110db0512accae3ffd244a1b7c99ca4dcda12eb4592a5ce.0

നപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ സാധിക്കും. പാസ്‌വേഡ് ഉപയോഗിക്കുന്നതിനോ 64 അക്ക എൻക്രിപ്ഷൻ കീ ഓർമ്മിക്കുന്നതിനോ പകരം, ഉപയോക്താക്കളുടെ ഫോണിലെ വിരലടയാളം, മുഖം തിരിച്ചറിയൽ, അല്ലെങ്കിൽ സ്‌ക്രീൻ ലോക്ക് എന്നിവ ഉപയോഗിച്ച് ബാക്കപ്പുകൾ പരിരക്ഷിക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു. പാസ്‌വേഡ് മറന്ന് ബാക്കപ്പ് ആക്‌സസ് ചെയ്യാൻ കഴിയാത്ത ബുദ്ധിമുട്ടുള്ളവർക്ക് ഈ അപ്‌ഡേറ്റ് ഏറെ പ്രയോജനകരമാകും.

വാട്ട്‌സ്ആപ്പിന്റെ നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. മുൻപ്, ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യാൻ ഉപയോക്താക്കൾ ഒരു പ്രത്യേക പാസ്‌വേഡോ എൻക്രിപ്ഷൻ കീയോ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ പാസ്‌കീ ഓപ്ഷൻ ഉപയോഗിച്ച്, ഒറ്റ ടാപ്പിലോ അല്ലെങ്കിൽ ഫേസ് ഡിറ്റക്ഷൻ വഴിയോ ചാറ്റ് ബാക്കപ്പുകൾ സുരക്ഷിതമാക്കാനും പിന്നീട് റീസ്റ്റോർ ചെയ്യാനും സാധിക്കും. ഫോൺ നഷ്ടപ്പെട്ടാലും ബാക്കപ്പുകൾ സ്വകാര്യമായി തുടരുമെന്ന് ഈ ഫീച്ചർ ഉറപ്പുനൽകുന്നു. സെറ്റിങ്‌സിലെ ‘ചാറ്റ് ബാക്കപ്പ്’, ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ബാക്കപ്പ്’ ഓപ്ഷനുകളിലൂടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഘട്ടം ഘട്ടമായി സജീവമാക്കാം.

പുതിയ പാസ്‌കീ എൻക്രിപ്ഷനിലേക്ക് മാറുന്നതിലൂടെ, സങ്കീർണ്ണമായ എൻക്രിപ്ഷൻ വിശദാംശങ്ങൾ കൈകാര്യം ചെയ്യാതെ തന്നെ, ഉപയോക്താക്കൾക്ക് വർഷങ്ങൾ പഴക്കമുള്ള ചാറ്റുകൾ, ഫോട്ടോകൾ, വോയിസ് നോട്ടുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്ന് വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഈ പുതിയ മാറ്റം വഴി മെസേജുകളും കോളുകളും അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ ദൃശ്യമാകൂ എന്ന് മെറ്റ ഉറപ്പാക്കുന്നു. ഓരോ സന്ദേശവും ഒരു ഡിജിറ്റൽ കീ ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുന്നതിനാൽ വാട്ട്‌സ്ആപ്പിന് പോലും ആക്‌സസ് ചെയ്യാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *