ജറുസലം: ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന, പലസ്തീൻകാരെ തൂക്കിലേറ്റുന്നതിനുള്ള വിവാദ നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കി. തീവ്രവലതു പാർട്ടികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഈ നിയമം. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻകാരെ വിചാരണ ചെയ്യുന്ന സൈനിക കോടതികളിൽ ഇനി മുതൽ സ്ഥിരമായി വിധിക്കുക വധശിക്ഷയായിരിക്കും.
‘ഇസ്രയേലിന്റെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന’ കുറ്റകൃത്യങ്ങൾക്കു മാത്രമേ ഇതു ബാധകമാകൂ. ഈ പ്രത്യേക നിർവചനം മൂലം ഇസ്രയേലിലെ ജൂത പൗരന്മാർക്ക് ഈ ശിക്ഷ ലഭിക്കില്ലെന്നും ഇതു വംശീയ വിവേചനമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 1962 ൽ നാത്സി കുറ്റവാളി അഡോൾഫ് ഐക്മാനെ തൂക്കിലേറ്റിയ ശേഷം ഇസ്രയേലിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. നിയമത്തിനെതിരെ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രയേൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
