Home » Blog » Kerala » പറവൂരിലെ ജനങ്ങൾ കോൺഗ്രസിന് എതിരാണ്, ഒറ്റയ്ക്ക് ജയിക്കാൻ സതീശന് കഴിയില്ല: മന്ത്രി ശിവൻകുട്ടി
SHIVAN-KUTTY-680x450

വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. പറവൂർ നിയമസഭാ മണ്ഡലത്തിൽ സതീശന്റെ വിജയസാധ്യത മങ്ങിയെന്നും അവിടെ ജയിക്കാൻ ബിജെപിയുമായി കോൺഗ്രസ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറവൂരിലെ ജനങ്ങൾ കോൺഗ്രസിന് എതിരാണെന്നും ഒറ്റയ്ക്ക് ജയിക്കാൻ സതീശന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നേമത്തും പറവൂരിലും കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയായിട്ടുണ്ട്. ഇതിന് പ്രത്യേകിച്ച് തെളിവുകളുടെ ആവശ്യമില്ലെന്നും മുൻപും ഇത്തരം ‘ഡീലുകൾ’ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം ഒത്തുതീർപ്പുകൾ കാരണം താൻ തിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി ശിവൻകുട്ടി പറഞ്ഞു.

തന്റെ അഞ്ച് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം സംഘപരിവാറിനെതിരെ പോരാടിയുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നിട്ടും തന്നെ ‘സംഘി കുട്ടി’ എന്ന് വിളിച്ച വി.ഡി. സതീശന്റെ നടപടി പരിഹാസ്യമാണ്. ലോകത്തുള്ള സകലരെയും പരിഹസിക്കുന്ന ശൈലിയാണ് സതീശന്റേതെന്നും തന്നെ അല്ലാതെ മറ്റാരെയും അംഗീകരിക്കാത്ത മനോഭാവമാണ് അദ്ദേഹത്തിനെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ സതീശൻ അസ്വസ്ഥനായെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം പരാജയമാണെന്നും മന്ത്രി ആരോപിച്ചു. യുഡിഎഫിനെതിരെ കാമ്പയിൻ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. താൻ സോണിയ ഗാന്ധിയെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസിനുള്ളിലുള്ളവർ തന്നെയാണ് അവരെ ആക്ഷേപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.