ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ബൈസൺ’ ദീപാവലി റിലീസായി മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ധ്രുവിന്റെ പ്രകടനത്തിനും മാരിയുടെ മികച്ച മേക്കിങ്ങിനും വലിയ കൈയടി ലഭിക്കുമ്പോഴും, ചിത്രത്തിലെ നായികമാരുടെ കാസ്റ്റിംഗിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
അനുപമ പരമേശ്വരനും രജിഷ വിജയനുമാണ് ഈ ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ ജാതി അടിച്ചമർത്തലിനെയും വിവേചനത്തെയും ശക്തമായി തുറന്നുകാട്ടുന്ന ഒരു സിനിമയിൽ, തമിഴിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പോലും കേരളത്തിൽ നിന്നുള്ള ‘വെളുത്ത’ നായികമാരെ കൊണ്ടുവരുന്നു എന്നാണ് പ്രധാന വിമർശനം. മാത്രമല്ല, ഈ നായികമാരെ ‘ഡീഗ്ലാമറൈസ്’ ചെയ്താണ് അവതരിപ്പിക്കുന്നതെന്ന വാദവും വിമർശകർ ഉന്നയിക്കുന്നു.
മാരി സെൽവരാജിന്റെ മുൻ ചിത്രങ്ങളിലും സമാനമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ‘വാഴൈ’ എന്ന സിനിമയിലെ നിഖില വിമലിന്റെ കഥാപാത്രത്തിനും ‘കർണ്ണൻ’ എന്ന സിനിമയിലെ രജിഷ വിജയന്റെ കഥാപാത്രത്തിനും ഇത്തരത്തിൽ കളർ പൊളിറ്റിക്സുമായി ബന്ധപ്പെട്ട് വിമർശനങ്ങളുണ്ടായിരുന്നു. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ‘പരിയേറും പെരുമാൾ’ മുതൽ ‘മാമന്നൻ’ വരെയുള്ള മാരി സെൽവരാജ് സിനിമകൾ തമിഴ്നാട്ടിലെ ജാതിവ്യവസ്ഥയെ തുറന്നുകാട്ടിയവയാണ്. എന്നിട്ടും നായികമാരെ തിരഞ്ഞെടുക്കുന്നതിൽ ഈ ‘വെളുപ്പിന്റെ രാഷ്ട്രീയം’ തുടരുന്നതിലാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പ്രധാനമായും പ്രതിഷേധം ഉയരുന്നത്.
അതേസമയം, മലയാളി നടിമാരെ തമിഴ് കഥാപാത്രങ്ങളായും തമിഴ് നടിമാരെ മലയാളി കഥാപാത്രങ്ങളായും കാസ്റ്റ് ചെയ്യുന്ന മറ്റ് ചില സംവിധായകരുടെ യുക്തിയെയും പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ട്. ശിവകാർത്തികേയൻ ചിത്രമായ ‘അമരനിൽ’ സായ് പല്ലവി അവതരിപ്പിച്ച മലയാളി കഥാപാത്രത്തെക്കൂടി ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം വന്നിരിക്കുന്നത്.
