ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പരിക്കിനെ അവഗണിച്ചും ബാറ്റിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെച്ച് വിരാട് കോഹ്‌ലി. പൂർണ്ണമായി മുക്തനാവാത്തതിനാൽ ഫീൽഡിങ്ങിൽ ഇറങ്ങാതെ ഇമ്പാക്ട് പ്ലെയർ ആയി ബാറ്റിങ്ങിനെത്തിയ താരം 34 പന്തിൽ 49 റൺസാണ് അടിച്ചുകൂട്ടിയത്. ആറ് ഫോറുകളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. അർധസെഞ്ചുറിക്ക് ഒരു റൺസ് മാത്രം അകലെ ആവേശ് ഖാന്റെ പന്തിൽ നിക്കോളാസ് പൂരന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
ഈ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് കോഹ്‌ലി തിരിച്ചുപിടിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ 225 റൺസാണ് ഇപ്പോൾ കോഹ്‌ലിയുടെ സമ്പാദ്യം. 224 റൺസുമായി ഹെൻഡ്രിച് ക്ലാസനും 213 റൺസുമായി ഇഷാൻ കിഷനുമാണ് റൺവേട്ടയിൽ കോഹ്‌ലിക്ക് തൊട്ടുപിന്നിലുള്ളത്. പരിക്കിനിടയിലും തന്റെ ബാറ്റിങ് മികവിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ഈ ഇന്നിങ്‌സ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 146 റൺസിന് ഓൾ ഔട്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാമും മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറുമാണ് ലഖ്‌നൗവിനെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ആർസിബിക്ക് കോഹ്‌ലിയെ കൂടാതെ ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. എങ്കിലും 11 ഓവറിൽ 92 റൺസ് എന്ന നിലയിൽ ആർസിബി നിലവിൽ ശക്തമായ നിലയിലാണ്.
