Home » Blog » Kerala » പയ്യന്നൂരിലെ പാർട്ടി കെട്ടിട നിർമ്മാണ ഫണ്ട് വിവാദം: പാർട്ടിക്ക് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ
kunji-680x450

സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങളെ തള്ളിയും ഫണ്ട് ക്രമക്കേടിലെ പരാതികളിൽ ഉറച്ചുനിന്നും വി. കുഞ്ഞികൃഷ്ണൻ. തന്നെ പുറത്താക്കിക്കൊണ്ട് ജില്ലാ നേതൃത്വം നടത്തിയ വാർത്താസമ്മേളനത്തിലെ കാര്യങ്ങൾ കേട്ടപ്പോൾ ഉള്ളാലെ ചിരിയാണ് വന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന രാഗേഷ്, താൻ ഏരിയ സെക്രട്ടറിയായിരുന്നപ്പോൾ തന്നെ മാറ്റുന്നതിനെതിരെ കമ്മിറ്റിയിലെ 21-ൽ 17 പേരും വോട്ട് ചെയ്ത കാര്യം മറന്നുപോയെന്നും ഭൂരിപക്ഷാഭിപ്രായം മാനിക്കാതെയാണ് അന്ന് തന്നെ മാറ്റിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പയ്യന്നൂരിലെ പാർട്ടി കെട്ടിട നിർമ്മാണ ഫണ്ടിൽ വൻ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തിൽ കുഞ്ഞികൃഷ്ണൻ ഉറച്ചുനിൽക്കുകയാണ്. 2021-ലെ സമ്മേളനത്തിൽ അവതരിപ്പിക്കാത്ത കണക്കുകൾ 2024-ൽ അവതരിപ്പിച്ചത് 70 ലക്ഷത്തോളം രൂപയുടെ കുറവ് വന്നതുകൊണ്ടാണ്. സഹകരണ ബാങ്കുകളിൽ നിന്ന് പിരിച്ചെടുത്ത പണം അക്കൗണ്ടിൽ എത്താതിരുന്നിട്ടും അന്നത്തെ ഏരിയ സെക്രട്ടറിയായിരുന്ന ടി.ഐ. മധുസൂദനൻ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. പിന്നീട് രണ്ടാമത് കണക്ക് അവതരിപ്പിച്ചപ്പോൾ വരവിനൊപ്പം ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ചു കാട്ടി ഏരിയ കമ്മിറ്റി അംഗങ്ങളെ വിഡ്ഢികളാക്കാനാണ് നേതൃത്വം ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങൾ കണ്ണടച്ച് അംഗീകരിക്കാൻ തനിക്ക് കഴിയില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോൾ അർദ്ധരാത്രിയാണെന്ന് എം.വി. ജയരാജൻ പറഞ്ഞാൽ അത് അംഗീകരിക്കാൻ എല്ലാവരെയും കിട്ടില്ലെന്ന് താൻ കമ്മിറ്റിയിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത് പാർട്ടി ശത്രുക്കളെ സഹായിക്കാനല്ലെന്നും കൈരളി ടിവി ആവശ്യപ്പെട്ടിരുന്നെങ്കിൽ അവർക്കും അഭിമുഖം നൽകുമായിരുന്നുവെന്നും ഏത് വേദിയായാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.