Home » Blog » Kerala » പത്ത് വർഷം! കേരളത്തിൽ സംഭവിച്ചത് സമാനതകളില്ലാത്ത വികസനം!! ജനങ്ങൾക്ക് താങ്ങും തണലുമായി സർക്കാർ!!!
11

കേരളം ഇലക്ഷൻ ചൂടിലാണ്. വോട്ടെടുപ്പിന് ഇനി 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓരോ മുന്നണിയും മികച്ച പ്രചാരണമാണ് നടത്തുന്നത്. ഓരോ മുന്നണിയും അവരുടെ പ്രകട പത്രികകളും പുറത്തിറക്കി. ഇന്ന് എൽഡിഎഫും പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് തന്നെയാണ് സർക്കാർ പുറത്തിറക്കിയ പത്രികയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. കേരളത്തിൽ 10 വർഷം തങ്ങൾ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എണ്ണി എണ്ണി പറഞ്ഞു തന്നെയാണ് എൽഡിഎഫിന്റെ പ്രചാരണവും. അതിനെ ശരിവയ്ക്കുന്ന സർവേ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കേരളത്തില്‍ കഴിഞ്ഞ 10 വർഷം കൊണ്ട് മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും ഉണ്ടായിട്ടുണ്ടെന്നാണ് പല സര്‍വ്വേകളും സൂചിപ്പിക്കുന്നത്. മികച്ച ഗതാഗതസംവിധാനങ്ങളും ഏതുതരം വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും അതിലൂടെ ആളുകള്‍ക്ക് ചെറുതും വലുതുമായ ജോലി സാധ്യതകളും ചെറുപ്പക്കാരെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കത്തക്ക വിധത്തിലുള്ള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മികച്ച ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും തുടങ്ങി സമാനതകളില്ലാത്ത മാറ്റങ്ങളാണ് പത്തുവര്‍ഷക്കാലയളവില്‍ കേരളത്തിലുണ്ടായത്. ഈ മാറ്റങ്ങൾ എല്ലാം തന്നെ ഇവിടുത്തെ ഓരോരുത്തരുടേയും ജീവിതത്തില്‍ അവരുടെ കുടുംബത്തിലും പ്രതിഫലിച്ചുകാണുന്നുമുണ്ട്. അതുകൊണ്ടു തന്നെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കപ്പുറം കേരള ജനത ഇവിടെയുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച്, ഇനിയും വികസനം ഉണ്ടാകണമെന്ന് ആഗ്രഹിച്ച് തങ്ങൾക്ക് അനുകൂലമായി തന്നെ വിധിയെഴുതുമെന്ന ഉറച്ച വിശ്വാസമാണ് ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ട്.

കേരളത്തിലെ ചെറുപ്പക്കാർ പഠനം കഴിഞ്ഞു, നല്ല ജോലിക്കായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന എന്ന ഒരാക്ഷേപവും ഇവിടെ നിലനിന്നിരുന്നു. എന്നാൽ, കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റ നിരക്ക് 2018 നുശേഷം കുറഞ്ഞുവരുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ആ റിപ്പോർട്ട് അനുസരിച്ചുള്ള കണക്ക് വിശദമായി നോക്കാം.

അതായത്, 2003ൽ 18 ലക്ഷം പേരാണ് കേരളത്തിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. 2013ൽ അത് 24 ലക്ഷമായി വര്‍ധിച്ചിരുന്നു. 2018 ആയപ്പോൾ ഇത് 21 ലക്ഷമായി കുറഞ്ഞു. 2018 ലെ സര്‍വ്വേയനുസരിച്ച് കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ 12 ലക്ഷമായിരുന്നു. 2023 ആയപ്പോൾ അത് 18 ലക്ഷമായി. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്തതോടെയാണ് ഇത്തരത്തിലൊരു മാറ്റം പ്രകടമായിത്തുടങ്ങിയതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കേരളം വികസിച്ചു, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടുവെന്നും ആളുകള്‍ക്ക് സ്വയം മനസ്സിലായി തുടങ്ങിയെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഡ്യാ ടുഡേ 2021ല്‍ നടത്തിയ സര്‍വ്വേയിൽ ഹാപ്പി ഇന്‍ഡക്സില്‍ കേരളം ഒന്നാമതാണ്. ആളോഹരി വരുമാനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യ പരിരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നിയമവാഴ്ച, പരിസ്ഥിതി, വൃത്തി, തൊഴില്‍ ലഭ്യത തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചശേഷം, ജനങ്ങളുടെ അഭിവൃദ്ധിയും സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കിയാണ് ഹാപ്പി ഇന്‍ഡക്സ് തീരുമാനിക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നിതി ആയോഗിന്റെ ഒട്ടേറെ റിപ്പോര്‍ട്ടുകളിലും പല മേഖലകളിലും കേരളം ഇന്ന് വളരെ മുന്നിലാണ്. ഇത്തരത്തിൽ ഓരോരുത്തര്‍ക്കും അവരുടെ ജീവിതത്തിൽ ഒന്നിലേറെ നേട്ടങ്ങളും അനുഭവങ്ങളും നല്‍കിയെന്ന ചാരിതാർഥ്യമാണ് കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സര്‍ക്കാരുകൾക്ക് ഉള്ളത്. വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവ‍ൃത്തിയിലൂന്നിയുള്ള ജനസേവനമാണ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടവും.

ലോകത്തെ ഒട്ടാകെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിക്കാലത്ത്, കേരളത്തിൽ ഓരോരുത്തര്‍ക്കും കൈത്താങ്ങാകുംവിധത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഇവിടെ ആരും പട്ടിണി കിടന്നില്ല.
ദിവസക്കൂലിക്കാർക്ക് വരുമാനനഷ്ടത്തിനിടയിലും സർക്കാർ ആകുംവിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഓരോരുത്തർക്കും എത്തിച്ചു നൽകിയിരുന്നു. പ്രതിമാസം 600 രൂപയില്‍ നിന്ന് 2500 രൂപയിലേക്കാണ് പത്തുവര്‍ഷം കൊണ്ട് പെന്‍ഷന്‍ തുക ഉയര്‍ത്തിയത്. ഈ തുക 3000 ആക്കി ഉയർത്തുമെന്നാണ് സർക്കാർ ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നത്. ക്ഷേമ പെന്‍ഷന്‍ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക് ഇത് വലിയൊരാശ്വാസമായിരിക്കും. മാത്രമല്ല, രണ്ട് പ്രളയക്കെടുതി മൂലം തകർന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സർക്കർ പെൻഷൻ തുക കൂട്ടിയത്. ആ പ്രതിസന്ധി ഘട്ടത്തിൽ പ്രതീക്ഷകള്‍ കൈവിട്ടുപോയ ജനതയെ ഒരു സര്‍ക്കാര്‍ എങ്ങനെ ചേർത്തുപിടിച്ചുവെന്ന് കേരളം നോക്കി കാണുകയായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ നൽകുന്ന ഓരോ വാഗ്ദാനത്തിലും ഇവിടുത്തെ ജനങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു. ആ ജനതയുടെ വിശ്വാസത്തെയാണ് സർക്കാർ മുറുകെപ്പിടിക്കുന്നത്.

കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും നഗരങ്ങളെ തമ്മിലും ബന്ധിപ്പിച്ചുള്ള യാത്രാ സൗകര്യം എല്ലായിടത്തും ദൃശ്യമാണ്. പല മേഖലകളിലും യാത്രാസമയം കുറഞ്ഞു. അടിയന്തരാവശ്യങ്ങള്‍ക്കുള്ള യാത്രയിലും ചരക്കുനീക്കത്തിലും ഇത് വൻ മാറ്റമാണ് ഉണ്ടാക്കിയത്. അതിന്റെ ഉത്തമോദാഹരണമാണ് പതിനായിരം പേര്‍ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ 100 കോടി രൂപ മുടക്കി പാലം നിര്‍മിച്ചത്. ആദിവാസി ഉന്നതികളുള്‍പ്പെടെ ഒറ്റപ്പെട്ടു കിടന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇന്ന് പുറംലോകവുമായി മികച്ച ബന്ധം പുലർത്തുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ ഗതാഗത വികസനം തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്ത് നിര്‍മിച്ച കുമ്പിച്ചല്‍ കടവ് പാലം യാത്രാ സൗകര്യത്തിലുപരി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ കൂടിയാണ്. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പാലങ്ങള്‍ എങ്ങനെ പരോക്ഷമായി വഴിതെളിക്കുന്നുവെന്നതും പ്രധാനമാണ്. ഇത്തരത്തിൽ മികച്ച റോഡുകളും പാലങ്ങളും യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്യുന്നു. ഇന്ന് നിരത്തിലേക്ക് വാഹനവുമായി ഇറങ്ങുന്നവര്‍ക്ക് ഈ വികസനത്തോട് ഒരിക്കലും മുഖം തിരിക്കാനാകില്ല.

കേരളത്തിലെ ആരോഗ്യനിലവാരം മെച്ചപ്പെട്ടുവെന്നതിന്റെ തെളിവാണ് ചികില്‍സക്കായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം. ജീവൻരക്ഷാ മരുന്നുകള്‍ മുതല്‍ ആരോഗ്യപരിരക്ഷാ ഉപകരണങ്ങള്‍വരെ സൗജന്യമായി ലഭിക്കുന്നു. ലാബ് പരിശോധനകള്‍ ഉള്‍പ്പെടെ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളേയും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തിച്ചു. കിഫ്ബി ഫണ്ടാണ് കേരളത്തിൽ അടിസ്ഥാനസൗകര്യ വികസനത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത്. താലൂക്ക്, ജില്ലാതല ആശുപത്രികള്‍ക്കൊക്കെ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായി. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും കേരളത്തില്‍ നേരിടേണ്ടിവരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

വിദ്യാഭ്യാസരംഗത്തും മികച്ച മാറ്റങ്ങളാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ടുണ്ടായത്. അതിനുമുമ്പൊക്കെ കുട്ടികൾക്ക് ഓണപ്പരീക്ഷവരെ കാത്തിരിക്കണമായിരുന്നു പാഠപുസ്തകങ്ങള്‍ കിട്ടാൻ. എന്നാലിപ്പോൾ, സ്കൂളടയ്ക്കും മുന്‍പേ അടുത്ത അധ്യായന വര്ഷത്തിലേക്കുള്ള പാഠപുസ്തകങ്ങള്‍ കുട്ടികൾക്ക് ലഭിക്കും. പഠിക്കുന്ന കുട്ടികൾക്ക് പുസ്തകം കയ്യിലെടുക്കുമ്പോഴേ കറണ്ട് പോകുന്ന അവസ്ഥ ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് വാർഷിക പരീക്ഷക്കാലത്ത്. കുട്ടികൾക്ക് പവര്‍ കട്ട് എന്നത് കേട്ടുകേള്‍വി മാത്രമായിരുന്നു. മാത്രമല്ല, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനായി മാനേജ്‌മെന്റ് സ്‌കൂളുകളിൽ പഠിച്ച രക്ഷകർത്താക്കൾ, ഇന്ന് അവരുടെ കുട്ടികളെ ധൈര്യപൂര്‍വ്വം സർക്കാർ വിദ്യാലയങ്ങളിലേക്കയക്കാന്‍ തയ്യാറാകുന്നുവെങ്കിൽ അത്, അവരവരുടെ ജീവിതനിലവാരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്.

കിഫ്ബി പോലൊരു സംവിധാനം കേരളത്തിൽ ഇല്ലായിരുന്നുവെങ്കിൽ ബിഎംബിസി നിലവാരത്തിലുള്ള മികച്ച പാതകളും ആശുപത്രികളുടേയും സ്കൂളുകളുടേയും അടിസ്ഥാനസൗകര്യ വികസനവും ജില്ലതോറുമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളും ഒന്നും കേരളത്തിലുണ്ടാകുമായിരുന്നില്ല. റോഡുകളും പാലങ്ങളും വെറുതേ പണിയുന്നതിലല്ല, മറിച്ച്, ദീര്‍ഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളേയും ചേര്‍ത്തുപിടിച്ച് അവരുടെ ഭാവിയിലേക്ക് വികസനം കരുപ്പിടിപ്പിക്കുക എന്നതാണ് കാര്യക്ഷമതയുള്ള ഒരു ഭരണസംവിധാനത്തിന്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ടതായ പല മേഖലകളിലും ശ്രദ്ധ പതിപ്പിച്ച് മുന്നോട്ടുപോകാനുള്ള അനുമതിയാണ് കേരള ജനതയിൽ നിന്നും സര്‍ക്കാര്‍ തേടുന്നത്. അതുകൊണ്ടുതന്നെ, കഴിഞ്ഞ പത്തുവര്‍ഷക്കാലം ഓരോരുത്തരും അവരുടെ ജീവിതത്തിലും കണ്‍മുന്നിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിച്ച് മനസ്സിലാക്കിയായിരിക്കും പോളിംഗ് ബൂത്തിലേക്ക് എത്തുക. ആ ഉറപ്പിലാണ് ഇടതുപക്ഷം മൂന്നാം ഊഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.