Home » Blog » Education » പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ പരിശീലന സഹായം: അപേക്ഷ ക്ഷണിച്ചു
money-680x450

പ്ലസ് ടു, വി.എച്ച്.എസ്.സി പഠനത്തിനൊപ്പം മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ധനസഹായം നൽകുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-2026 അക്കാദമിക വർഷത്തെ രണ്ടാം ഘട്ടമായാണ് അപേക്ഷ സ്വീകരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ പരിശീലനത്തിനായി ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കും.

എസ്.എസ്.എൽ.സി പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് B+ ഗ്രേഡിൽ കുറയാതെ ലഭിച്ചവർക്കും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ യഥാക്രമം A2, A ഗ്രേഡുകൾ നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പത്താം ക്ലാസ് മാർക്ക് ലിസ്റ്റ്, നിലവിൽ പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, വകുപ്പ് അംഗീകരിച്ച എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ആണ്. ഫോൺ :0477-2252548.