വാഷിങ്ടൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കും ഇറാനിലെ യുദ്ധത്തിനുമെതിരെ യുഎസിൽ റാലികൾ. 50 സംസ്ഥാനങ്ങളിലായി 3200 പ്രതിഷേധ റാലികളാണു ശനിയാഴ്ച നടന്നത്. ലക്ഷങ്ങളാണ് റാലിയിൽ അണിനിരന്ന്. ‘നോ കിങ്സ്’എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞവർഷം നടന്ന രണ്ടു റാലികളുടെ തുടർച്ചയായിരുന്നു ഇത്.
കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും കടുത്ത നടപടികളുണ്ടായ മിനസോടയുടെ തലസ്ഥാനമായ സെന്റ് പോൾ നഗരത്തിൽ 3 ലക്ഷത്തിലേറെപ്പേർ തെരുവിലിറങ്ങി. ഐസ് ഏജന്റുമാരുടെ വെടിയേറ്റുമരിച്ച റെനീ ഗുഡിന്റെയും അലക്സ് പ്രെറ്റിയുടെയും ചിത്രങ്ങൾ ഉയർത്തി കാട്ടിയ റാലിയിൽ ഇറാനിലെ യുഎസ് യുദ്ധത്തിനെതിരെയും മുദ്രാവാക്യമുയർന്നു. ന്യൂയോർക്ക്, ഡാലസ്, ഫിലഡൽഫിയ, വാഷിങ്ടൻ തുടങ്ങിയ വൻനഗരങ്ങളിലെ റാലികളിലും പതിനായിരങ്ങൾ അണിചേർന്നു. മൻഹാറ്റനിൽ ഹോളിവുഡ് താരം റോബർട്ട് ഡി നീറോ പ്രസംഗിച്ചു. ഡാലസിൽ റാലിക്കെത്തിയവരും ട്രംപ് അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസുമായി ഏറ്റമുട്ടലുണ്ടായ ലൊസാഞ്ചലസിൽ ആയിരത്തോളം പേർ അറസ്റ്റിലായി.
കഴിഞ്ഞവർഷം നോ കിങ്സ് റാലികൾ നടത്തിയ ഇൻഡിവിസിബിൾ എന്ന സംഘടനയുടെ നേതൃത്വത്തിലാണു ശനിയാഴ്ചത്തെ പരിപാടികളും നടന്നത്. റോം, ലണ്ടൻ, പാരിസ് അടക്കം വിവിധ യൂറോപ്യൻ നഗരങ്ങളിലും ഓസ്ട്രേലിയയിലും യുദ്ധവിരുദ്ധ റാലികൾ നടന്നു. കഴിഞ്ഞവർഷം ജൂൺ 14ന് നടത്തിയ ആദ്യറാലിയിൽ വിവിധ യുഎസ് നഗരങ്ങളിലായി 50 ലക്ഷത്തിലേറെപ്പേരാണു പങ്കെടുത്തത്. ഒക്ടോബറിൽ രണ്ടാം റാലികളിൽ ഇത് 70 ലക്ഷമായി ഉയർന്നു.
