Home » Blog » kerala Max » ​’നേതാക്കളുടെ ശൈലി മാറിയേ തീരൂ, ഉറച്ച വോട്ടുകൾ പോലും ചോർന്നു’; പരാജയത്തിൽ കടുത്ത വിമർശനവുമായി കെ.കെ ശൈലജ
kk_shailaja

 തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം നേരിട്ടത് നിസ്സാര തോൽവിയല്ലെന്നും പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോലും വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. ‘ചിന്ത’യിലെ ലേഖനത്തിലാണ് നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും പെരുമാറ്റ ദൂഷ്യങ്ങളെയും ജീവിതരീതികളെയും പരസ്യമായി വിമർശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലുണ്ടായ തുടർച്ചയായ തോൽവികൾ കൃത്യമായി പഠിക്കാൻ പാർട്ടി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

‘തിരിച്ചുവരവ് അനിവാര്യമാണ്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഭരണനഷ്ടത്തിന്റെ കൃത്യമായ കണക്കുകൾ ശൈലജ അക്കമിട്ട് നിരത്തുന്നു. കഴിഞ്ഞ തവണ 99 സീറ്റുകളുമായി അധികാരത്തിലേറിയ എൽ.ഡി.എഫ് ഇത്തവണ വെറും 35 സീറ്റുകളിലേക്ക് ചുരുങ്ങി. പല ഘടകകക്ഷികൾക്കും ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല. സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റുകളിൽ വിജയം ഉറപ്പിച്ചത് കടുത്ത ജാഗ്രതയോടെയും ഗൗരവത്തോടെയും കാണേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പിലുണ്ടായ ഈ തിരിച്ചടി പാർട്ടിക്ക് ഉത്കണ്ഠയുണ്ടാക്കുന്ന വലിയൊരു വ്യതിയാനമാണെന്നും അവർ ചൂണ്ടിക്കാട്ടി. തോൽവിയുടെ പ്രധാന കാരണങ്ങളായി ജനങ്ങളിൽ നിന്നുണ്ടായ അകൽച്ചയെയാണ് ശൈലജ വിരൽ ചൂണ്ടുന്നത്. പാർട്ടിയെയും മുന്നണിയെയും എപ്പോഴും നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന ഉറച്ച വോട്ടർമാർ പോലും ഇത്തവണ ഇടതുപക്ഷത്ത് നിന്ന് മാറി ചിന്തിച്ചു. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അത് പരിഹരിക്കാൻ ആവശ്യമായ ശ്രമങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലീമാറ്റം ഇനി അനിവാര്യമാണെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു.