തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ടെലഗ്രാം യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇത് സംബന്ധിച്ച് വാദം ഡൽഹി ഹൈക്കോടതിയിൽ ഉയർത്തിയത്. NEET-UG പുനഃപരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ടെലഗ്രാമിന്റെ സേവനങ്ങൾ ജൂൺ 22 വരെ ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചതിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വാദം കേട്ടത്. നേരത്തെ ഈ ഹർജിയിൽ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ടെലഗ്രാമിലെ ഭൂരിഭാഗം ചാനലുകളും ബോട്ടുകൾ (Bots) വഴിയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) റിപ്പോർട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത വാദിച്ചു. ടെലഗ്രാമിൽ ഒരു അക്കൗണ്ടിന് 40 വരെ ബോട്ടുകൾ സൃഷ്ടിക്കാം. എന്നാൽ വാട്ട്‌സ്ആപ്പിൽ ഒരു ഉപയോക്താവിന് ഒരു ബോട്ട് മാത്രമേ സൃഷ്ടിക്കാനാകൂ എന്നായിരുന്നു തുഷാർ മേത്തയുടെ വാദം. NEET-UG പുനഃപരീക്ഷയുമായി ബന്ധപ്പെട്ട സാഹചര്യം പോലുള്ള ഗുരുതര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ ടെലഗ്രാമിന്റെ സംവിധാനത്തിന് കാര്യക്ഷമതയില്ലെന്നും I4C റിപ്പോർട്ട് ഉദ്ധരിച്ച് തുഷാർ മേത്ത വാദിച്ചു.
ടെലഗ്രാം ക്ലൗഡ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടെലഗ്രാമിനെതിരെ നിരവധി രാജ്യങ്ങൾ നടപടിയെടുത്തിട്ടുണ്ടെന്ന വിവരവും തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാണിച്ചു. ടെലഗ്രാമിനെതിരെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ പട്ടിക കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളതായും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഒരു ടെലഗ്രാം ചാനലിലെ ഏകദേശം ഒരു ലക്ഷം അംഗങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു ചാനലിലേക്ക് മാറ്റാൻ കഴിയും. ഇത് ടെലഗ്രാമിന്റെ പ്രത്യേക സവിശേഷതയാണ്. ഇതുതന്നെയാണ് വലിയ സുരക്ഷാ ഭീഷണിയായി മാറുന്നതെന്നും തുഷാർ മേത്ത ചൂണ്ടിക്കാണിച്ചു
ടെലഗ്രാമിൽ സന്ദേശങ്ങളുടെ തീയതിയും സമയവും പിന്നീട് തിരുത്താൻ കഴിയുന്ന സൗകര്യവും ദുരുപയോഗത്തിന് വഴിവെക്കുന്നുവെന്നും തുഷാർ മേത്ത ചൂണ്ടിക്കാണിച്ചു. 2024-ൽ ഇത്തരമൊരു സംഭവം നടന്നിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷമാണ് ചോദ്യപേപ്പർ ടെലഗ്രാമിൽ പോസ്റ്റ് ചെയ്തത്. പിന്നീട് അതിന്റെ തീയതി പരീക്ഷയ്ക്ക് മുമ്പുള്ള ദിവസമായി തിരുത്തി. ഇതിനെ തുടർന്ന് ചോദ്യപേപ്പർ ചോർന്നുവെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതും തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാണിച്ചു. ചിലരുടെ തെറ്റിന് എല്ലാവരുടെയും അവകാശം തടയാമോ?എന്നായിരുന്നു തുഷാർ മേത്തയുടെ വാദങ്ങളിൽ ഹൈക്കോടതിയുടെ ചോദ്യം.
ചിലർ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന കാരണത്താൽ എല്ലാ ഉപയോക്താക്കളുടെയും അവകാശങ്ങൾ നിയന്ത്രിക്കുന്നത് ന്യായമാണോയെന്നും വാദത്തിനിടെ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു. ചിലരുടെ അവകാശം സംരക്ഷിക്കാൻ മറ്റുള്ളവരുടെ അവകാശങ്ങൾ നിയന്ത്രിക്കാനാകുമോ? എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു സംസ്ഥാനത്തോ അവിടുത്തെ ഏതെങ്കിലും പ്രദേശത്തോ ഇന്റർനെറ്റ് സേവനം നിരോധിക്കുമ്പോൾ പ്രശ്നം സൃഷ്ടിക്കുന്നത് വെറും 10 ശതമാനം ആളുകളായിരിക്കാം. എന്നാൽ നിയന്ത്രണം എല്ലാവരെയും ബാധിക്കാറുണ്ട് എന്നായിരുന്നു തുഷാർ മേത്ത കോടതിയുടെ ചോദ്യത്തിന് നൽകിയ മറുപടി.
