ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മക്ക് മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. ജസ്റ്റിസ് ശര്‍മ്മക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നീതി ലഭ്യമാക്കാനുള്ള ശര്‍മ്മയുടെ കഴിവില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹർജി സ്വര്‍ണ കാന്ത ശര്‍മ്മ തള്ളിയിരുന്നു. ജഡ്ജിയുടെ മക്കള്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷക പാനലിലുണ്ടെന്നും അതിനാല്‍ അവര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മമാറണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മക്ക് കെജ്‌രിവാള്‍ തുറന്ന കത്തെഴുതിയത്.
ഗാന്ധിയന്‍ സമരമാര്‍ഗമായ സത്യാഗ്രഹത്തിലൂടെ താന്‍ മുന്നോട്ട് പോകും. കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകനോ താനോ കോടതിയില്‍ ഹാജരാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങളിലൂടെ തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് കോടതിയില്‍ ഹാജരാകാത്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം, കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കുമ്പോള്‍ അപ്പീല്‍ നടപടികള്‍ക്കായി എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ വിളിപ്പിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ബോണ്ടിലും പ്രതിയെ കൊണ്ട് ഒപ്പുവെപ്പിക്കാറുണ്ട്. ബോണ്ട് പ്രകാരമുള്ള ഈ നിബന്ധന ലംഘിച്ച് പ്രതി കോടതിയില്‍ ഹാജരാകാതിരുന്നാല്‍ അയാളെ ഹാജരാക്കാന്‍ കോടതിക്ക് വാറണ്ട് പുറപ്പെടുവിക്കാനാകും. ആദ്യം ജാമ്യമുള്ള വാറണ്ടും പിന്നീട് ജാമ്യമില്ല വാറണ്ടും കോടതി പുറപ്പെടുവിക്കുമെന്ന് അഭിഭാഷകനായ സതീഷ് തംത പറഞ്ഞു.
