3c28bb89e7e075c97c2d6827356c20df2593d67a03fe3f63f87fa49ebfbcde76.0

താൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്ന് കന്നഡ നടൻ ഋഷഭ് ഷെട്ടി വീണ്ടും തുറന്നു പറയുന്നു. മോഹൻലാലിന്റെ എല്ലാ സിനിമകളും താൻ കാണാറുണ്ടെന്നും ഒരു നാട്ടുകാരനെ കാണുന്ന ഫീൽ ആണ് അദ്ദേഹത്തിനെ കാണുമ്പോൾ തനിക്കുണ്ടാവാറുള്ളതെന്നും റിഷബ് ഷെട്ടി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, മോഹൻലാൽ ചിത്രങ്ങളിലെ ഫൈറ്റ് സീനുകളെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ഋഷഭ് ഷെട്ടി മനസ്സ് തുറന്നു.

“മോഹൻലാൽ സാറിന്റെ സിനിമകളിലെ ഫൈറ്റുകളിലേക്കുള്ള ലീഡ് വളരെ രസകരമാണ്. അദ്ദേഹം നീണ്ടൊരു ഡയലോഗിന് ശേഷം മുണ്ട് മടക്കിക്കുത്തിയാൽ, അത് അടുത്തത് ഒരു കിടിലൻ ഫൈറ്റാണ് എന്നതിന്റെ സൂചനയാണ്. അടി തുടങ്ങാൻ പോകുകയാണെന്ന് പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകും,” ഋഷഭ് ഷെട്ടി പറഞ്ഞു. നേരത്തെ, ‘എന്താ മോനേ ദിനേശാ..’ എന്ന മോഹൻലാൽ ഡയലോഗ് പറഞ്ഞ് അമിതാഭ് ബച്ചന് മുന്നിൽ ഋഷഭ് ഷെട്ടി മുണ്ട് മടക്കിക്കുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഒരു പക്കാ ഫാൻ ബോയ്’ എന്നാണ് അന്ന് ആരാധകർ ഋഷഭിനെ വിശേഷിപ്പിച്ചത്.

അതേസമയം, സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ ആഗോളതലത്തിൽ 700 കോടിയിലധികം കളക്ഷൻ നേടി 1000 കോടിയിലേക്ക് കുതിക്കുകയാണ്. 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ വൻ വിജയത്തെത്തുടർന്നാണ് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദർശിപ്പിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *