നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണ്ണയത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ യൂത്ത് ലീഗ്. മൂന്ന് ടേം പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകരുത്, പ്രവർത്തന മികവ് കൃത്യമായി വിലയിരുത്തണം തുടങ്ങിയ നിർദ്ദേശങ്ങളാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മുന്നോട്ടുവെച്ചത്. നേതൃസ്ഥാനത്തുള്ളവർക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ആർക്കും ഇളവ് നൽകരുതെന്നും മികച്ച പ്രവർത്തനം കാഴ്ചവെക്കാത്തവർക്ക് സീറ്റ് നിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണ ആറ് സീറ്റുകളാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.കെ. ഫിറോസിന് സുരക്ഷിത സീറ്റ് നൽകണമെന്നതിനൊപ്പം ഇസ്മായിൽ, മുജീബ് കാടേരി, അഷ്‌റഫ് എടനീർ, ഗഫൂർ കൊൽക്കളത്തിൽ, ഫൈസൽ ബാഫഖി തങ്ങൾ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ഈ ആവശ്യങ്ങൾ പാണക്കാട് സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും നേരിട്ടറിയിക്കാൻ മുനവ്വറലി തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
