വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും 85 കഴിഞ്ഞ വയോജനങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ആവിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷനായ ഈസിഐ നെറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് വീല്‍ചെയര്‍, വാഹന സൗകര്യം എന്നിവ ആവശ്യപ്പെടാം. തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെയും മുഴുവന്‍ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം സ്വീപിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കരക്കാണ് മലപ്പുറം സ്വീപിന്റെ ചുമതല. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇസിഐ നെറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പോളിങ് ബൂത്ത് കണ്ടെത്തല്‍, സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍, വോട്ടര്‍മാരുടെ വിവരങ്ങള്‍, വോട്ട് രേഖപ്പെടുത്താന്‍ വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍, വാഹനം എന്നീ സേവനങ്ങള്‍ ആപ്പില്‍ ലഭിക്കും. ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയേണ്ടത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ നോഡല്‍ ഓഫീസര്‍ ബന്ധപ്പെടുകയും ആവശ്യകത വിലയിരുത്തി മാനദണ്ഡങ്ങള്‍ പ്രകാരം സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കാണ് ഭിന്നശേഷി- വയോജന- ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്കുള്ള സേവനം ഉറപ്പുവരുത്തുന്നതിനുള്ള ചുമതല.
കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ബ്രെയിലി ലിപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും. ഹോം വോട്ടിങ്ങിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12 ഡി ഫോറം ബി.എല്‍.ഒ.മാര്‍ വഴി വരണാധികാരിക്ക് സമര്‍പ്പിക്കാം. ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് പോളിംഗ് ബൂത്തുകളും താഴത്തെ നിലയില്‍ ആയിരിക്കും സജ്ജീകരിക്കുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക റാമ്പും, വീല്‍ചെയറും കുടിവെള്ളവും ഉറപ്പുവരുത്തും. ഭിന്നശേഷി വോട്ടര്‍മാര്‍, വയോജനങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ എല്ലാവരും അവരുടെ സമ്മതിദാനവകാശം സധൈര്യം വിനിയോഗിക്കണമെന്നും ഇ.സി.ഐ നെറ്റ് ആപ്പ് വഴി സേവനങ്ങള്‍ ഉറപ്പുവരുത്താമെന്നും ജില്ലാ കലക്ടര്‍ ഡോ: വിനയ് ഗോയല്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 29,643 ഭിന്നശേഷി വോട്ടര്‍മാരും, 14,292 വയോജന വോട്ടര്‍മാരും (85 വയസ്സിനു മുകളിലുള്ളവര്‍) 39 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഏറ്റവും കൂടുതല്‍ വയോജനങ്ങളിലുള്ള നിയോജകമണ്ഡലം നിലമ്പൂരാണ്. 1278 പേര്. താനൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വയോജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 523 പേര്. ഭിന്നശേഷി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ള നിയോജകമണ്ഡലം തിരൂരും (2410) ഭിന്നശേഷി വോട്ടര്‍മാര്‍ ഏറ്റവും കുറവുള്ളത് തിരൂരങ്ങാടിയുമാണ് (1202). തിരൂര്‍ നിയോജകമണ്ഡലത്തില്‍ 12 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 39 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരാണ് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫോണ്‍ 8714621985.
