Home » Blog » Kerala » നിയമസഭാ തിരഞ്ഞെടുപ്പ്: ശശീന്ദ്രൻ ഇനി വേണ്ട, പുതിയവർ വരട്ടെ! പ്രമേയവുമായി എൻ.സി.പി മണ്ഡലം കമ്മിറ്റികൾ
ak-saseendran-680x450

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രി എ.കെ. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി എൻ.സി.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ശശീന്ദ്രൻ ഇനി മത്സരിക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി. ജില്ലയിലെ ബാക്കിയുള്ള മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ഉടൻ യോഗം ചേരാനിരിക്കെയാണ് പാർട്ടിക്കുള്ളിലെ ഈ വൻ പടലപ്പിണക്കം പുറത്തുവരുന്നത്.

എട്ട് തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 10 വർഷത്തോളം മന്ത്രിയായി ഇരിക്കുകയും ചെയ്ത ശശീന്ദ്രൻ ഇനി മാറിനിൽക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം. അദ്ദേഹം മത്സരരംഗത്ത് നിന്ന് പിന്മാറി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് പ്രമേയത്തിലൂടെ അണികൾ ആവശ്യപ്പെടുന്നത്. ജില്ലാ കമ്മിറ്റിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ പ്രതിഫലനമാണ് ഇപ്പോൾ മണ്ഡലം കമ്മിറ്റികളിലൂടെ പുറത്തുവരുന്നത്. എന്നാൽ, ഇത്തവണയും എലത്തൂരിൽ നിന്ന് തന്നെ മത്സരിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ശശീന്ദ്രൻ.

1980-ൽ കണ്ണൂരിലെ പെരിങ്ങളത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ തുടങ്ങിയതാണ് ശശീന്ദ്രന്റെ നിയമസഭാ യാത്ര. പിന്നീട് എടക്കാട്, ബാലുശ്ശേരി മണ്ഡലങ്ങളിലൂടെ എലത്തൂരിലെത്തിയ അദ്ദേഹം അവിടെ ഹാട്രിക് വിജയവുമായാണ് നിൽക്കുന്നത്. ഇടയ്ക്ക് വിവാദങ്ങളെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്. എങ്കിലും, നാലാം അങ്കത്തിന് എലത്തൂർ ഒരുങ്ങുമ്പോഴാണ് സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശശീന്ദ്രനെതിരേ ‘പ്രമേയ ബോംബുകൾ’ ഉയരുന്നത്.