മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ലെ നായികയുടെ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ നായികയായെത്തുന്ന പ്രിയനടി നിഖില വിമലിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘ദീപ ടീച്ചർ’ എന്ന തനി നാടൻ സുന്ദരിയായ കഥാപാത്രമായാണ് നിഖില ചിത്രത്തിൽ വേഷമിടുന്നത്. ആകാംക്ഷയും ഉദ്വേഗവും നിറയ്ക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവരികയും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
തമിഴ് സംസാരിക്കുന്ന ഒരു വേറിട്ട കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആഗോളതലത്തിൽ ശ്രദ്ധനേടിയ ‘കാന്താര’ സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് ആദ്യമായി സംഗീതം പകരുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ‘അനന്തൻ കാടി’നുണ്ട്. വൻ വിജയമായ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തിയേറ്ററുകളിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഒട്ടേറെ അന്യഭാഷാ താരങ്ങളും അണിനിരക്കുന്നുണ്ട്.
വിജയരാഘവൻ, ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ ചിത്രത്തിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനിൽ, അപ്പാനി ശരത്, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ വൻ നിരയാണ് ചിത്രത്തിലുള്ളത്. എസ്. യുവ ഛായാഗ്രഹണവും രോഹിത് വി.എസ്. വാരിയത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആർ. ശക്തി ശരവൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. പ്രൊഡക്ഷൻ ഡിസൈൻ രഞ്ജിത്ത് കോതേരിയും വി.എഫ്.എക്സ് ബിനോയ് സദാശിവനും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്.
