നാഗചൈതന്യയുമായൊത്ത് സിനിമ പ്രൊമോട്ട്ചെയ്യാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ല; സാമന്ത

സാമന്ത റൂത്ത് പ്രഭു, നാഗചൈതന്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘യേ മായ ചേസവേ’. തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു യേ മായ ചേസവേ. 2010-ല്‍ റിലീസായ ചിത്രം 15 വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്ററിലെത്തുകയാണ്. ജൂലൈ 18-നാണ് ചിത്രം റി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി നാഗചൈതന്യയും സാമന്തയും ഒരുമിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അതില്‍ പ്രതികരിക്കുകയാണ് സാമന്ത.

നാഗചൈതന്യയുമായി ചിത്രം പ്രൊമോട്ട് ചെയ്യാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്ന് സാമന്ത പറഞ്ഞു. പ്രേക്ഷകരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് നമുക്ക് ജീവിതം നയിക്കാന്‍ കഴിയില്ലെന്നും ബോളിവുഡ് ഹങ്കാമയോട് സാമന്ത പറഞ്ഞു. ‘ഇല്ല, ഞാന്‍ ആരുമായും യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. വാസ്തവത്തില്‍, ഞാന്‍ സിനിമയെ പ്രൊമോട്ട് ചെയ്യാനേ ഉദ്ദേശിക്കുന്നില്ല. ഈ വാര്‍ത്ത എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ സിനിമയുടെ ആരാധകര്‍ക്ക് സിനിമയിലെ പ്രധാന ജോഡിയെ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നമുക്ക് ജീവിതം നയിക്കാന്‍ കഴിയില്ല’, സാമന്തയുടെ വാക്കുകള്‍.

2021 ഒക്ടോബറിലായിരുന്നു താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ ജീവിതം നിയമപരമായി വേര്‍പിരിഞ്ഞത്. തെന്നിന്ത്യന്‍ സിനിമാ ലേകത്തേയും ആരാധകരേയും ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഇവരുടേത്. നാലാം വിവാഹ വാര്‍ഷികത്തോട് അടുക്കുമ്പോഴാണ് വേര്‍പിരിയുന്ന കാര്യം വെളിപ്പെടുത്തിയത്. സാമന്തയുമായി വിവാഹമോചനം നേടിയ നാഗചൈതന്യ പിന്നീട് തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ വിവാഹം ചെയ്യുകയും ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *