നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായിക റത്തീന ഒരുക്കിയ ‘പാതിരാത്രി’ എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. മമ്മൂട്ടി നായകനായ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത ചിത്രമാണിത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ. വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമെന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാത്രിയിൽ പട്രോളിങ്ങിന് ഇറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷൻ എസ്.ഐയും ഒരു പാതിരാത്രിയിൽ നേരിടേണ്ടി വരുന്ന ചില പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. കൊലപാതകം, ദുരൂഹത, അന്വേഷണം എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥ കുടുംബപ്രേക്ഷകർക്കും എല്ലാ വിഭാഗം സിനിമാസ്വാദകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയ്‌നും ആൻ അഗസ്റ്റിനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മനോരമ മാക്സിലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാജി മാറാട് ആണ്.
