Home » Blog » Kerala » നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം ഉറപ്പാക്കുക എന്നത്; മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്
1

തിരുവനന്തപുരം: നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ പുറത്ത്. 2025 ഒക്ടോബർ 22ന് സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. സർവേയുമായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖയുടെ പ്രാധാന്യം എടുത്ത് കാട്ടുന്നത്.

ശബ്ദരേഖയുടെ പൂർണരൂപം:

‘‘അവർക്ക് വികസനവുമായി ബന്ധപ്പെട്ട അഭിപ്രായമുണ്ടാകും. ആ അഭിപ്രായങ്ങൾ കേൾക്കാനാണ് നമ്മൾ പോകുന്നത്. അതാണ് നമ്മുടെ ദൗത്യം. അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ആ ദൗത്യം നിർവഹിക്കാൻ വേണ്ടി ചെല്ലുമ്പോൾ നിലവിലുള്ളതിനെപ്പറ്റി ഒരുപാട് സംശയങ്ങളും അഭിപ്രായങ്ങളും അവർ പ്രകടിപ്പിച്ചെന്ന് വരും. അതുകേട്ട് വിശദീകരണം കൊടുക്കാതെ വരാൻ പാടില്ല. എല്ലാ കാര്യങ്ങൾക്കും വിശദമായി വിശദീകരണം കൊടുക്കാൻ കഴിയും.

ഇപ്പോൾ 10 വർഷമായി ഇവിടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുകയാണ്. ഇനി വീണ്ടും അത് തുടരണമോ? ഇവിടെ സാധാരണഗതിയിൽ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ ആ സർക്കാരിനെതിരെയുള്ള ഒരു ഭരണവിരുദ്ധ വികാരം നാട്ടിൽ സ്വാഭാവികമായിട്ടുണ്ടാവും. പക്ഷേ കേരളത്തിലെ ഒരു പ്രത്യേകത നാട്ടിലിറങ്ങിയാൽ കാണാം. നിങ്ങളുടെ വൊളന്റിയർമാരും ഇറങ്ങാൻ പോവുകയാണല്ലോ. അപ്പോൾ അവർക്കെല്ലാവർക്കും ബോധ്യപ്പെടും. ഒരു തരത്തിലുള്ള ഭരണവിരുദ്ധ വികാരവും നാട്ടിൽ നിലനിൽക്കുന്നില്ല എന്നുള്ളതാണ് യഥാർഥ വസ്തുത.

മാത്രമല്ല, എന്തുകൊണ്ടാണ് തുടർഭരണം വേണം എന്ന് പറയുന്നത്. നമ്മുടെ നാടിന്റെ നേട്ടങ്ങൾ സംരക്ഷിക്കണം. കൂടുതൽ നല്ല രീതിയിലേക്ക് നാടിനെ ഉയർത്തണം. അതിനു തുടർഭരണം ആവശ്യമാണ്. അല്ലെങ്കിൽ നാട് പുറകോട്ട് പോവുകയാണ് ചെയ്യുക. മുൻകാലങ്ങളിലെ അനുഭവം അതാണ്. 2021ലെ തുടർ‍ഭരണത്തിന്റെ ഭാഗമായി നല്ലനിലയ്ക്ക് നമുക്ക് മുന്നോട്ട് പോകാനായിട്ടുണ്ട്. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. 2031 ആകുമ്പോഴേക്കും കേരളസംസ്ഥാനം രൂപം കൊണ്ടിട്ട് ഒരു പ്രത്യേക നിലയിലേക്ക് സംസ്ഥാനം എത്തുകയാണ്. നല്ല രീതിയിലേക്ക് അഭിവൃത്തി പ്രാപിക്കാൻ കഴിയണം. അതിന്റെ ഭാഗമായുള്ള നല്ല മാറ്റം കേരളത്തിൽ സംഭവിക്കണം. അതിനു നമ്മൾ സാധാരണ പറയുന്നത് ‘നവ കേരളം’ എന്നത് നമ്മുടെ നാടിന്റെ ജീവിത നിലവാരത്തിൽ വരുന്ന മാറ്റമാണ്. എല്ലാവർക്കും ആ മാറ്റം അനുഭവപ്പെടണം. അതിൽ വികസിത രാഷ്ട്രങ്ങളുടെ മധ്യവർഗത്തിന്റെ ജീവിത നിലവാരത്തോതിലേക്ക് കേരളത്തിന്റെ ജീവിത നിലവാരത്തോത് ഉയർത്തുക. ഇതാണ് നമ്മുടെ ലക്ഷ്യം.

നല്ല മുന്നേറ്റം നമുക്കുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതുപോരാ ഇനിയും മുന്നേറേണ്ടതായിട്ടുണ്ട്. ആ മുന്നേറ്റത്തിന് ഒരു തുടർഭരണം എന്നത് ഒഴിച്ചുകൂടാത്തതാണ്. ഇതുകൂടി നമ്മുടെ പോകുന്ന ആളുകളുടെ മനസ്സിൽ ഉണ്ടാവണം. വലിയൊരു ദൗത്യമാണ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് ഈ പോകുന്ന വളണ്ടിയർമാർ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയവാരകണമെന്നില്ല. കുറച്ചുപേർ മാത്രമേ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുകയുള്ളു. പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു വിവരിക്കുക അതാണ് അവർ ചെയ്യേണ്ട കാര്യം. ചിലരെങ്കിലും പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചെന്നു വരും. അതിൽ കുടുങ്ങാതെ ശാന്തമായി കാര്യങ്ങൾ വിശദീകരിച്ചു വരാൻ നമുക്ക് സാധിക്കണം. ഇത്രയുമാണ് ഈ ഘട്ടത്തിൽ എനിക്കു പറയാനുള്ളത്.’’ – മുഖ്യമന്ത്രി പറയുന്നു.