risk

വാഹനങ്ങളോ ടോൾ ബൂത്തുകളോ ഇല്ലാത്ത ഒരു പൊതുനടപ്പാത എങ്ങനെ വരുമാനത്തിന്റെ പുതിയ മാതൃകയാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) മലബാർ ഹിൽ പ്രകൃതി പാത. മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പുതിയ ആകർഷണം വെറും ഏഴ് മാസത്തിനുള്ളിൽ ₹72 ലക്ഷം രൂപയിലധികം വരുമാനം നേടി, മുംബൈയുടെ ടൂറിസം ഭൂപടത്തിൽ തന്റേതായ ഇടം ഉറപ്പിച്ചു.

വരുമാനത്തിലും സന്ദർശകരിലും റെക്കോർഡ്

നാല് വർഷം നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് സിംഗപ്പൂരിലെ വിശ്വപ്രസിദ്ധമായ ‘ട്രീ ടോപ്പ് വാക്ക്’ മാതൃകയിൽ മലബാർ ഹിൽ എലവേറ്റഡ് പ്രകൃതി പാത പൊതുജനങ്ങൾക്കായി തുറന്നത്. ഇതുവരെ 2,91,836-ൽ അധികം വിനോദസഞ്ചാരികൾ ഈ പാത സന്ദർശിച്ചു.
ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ബിഎംസി ഈ പാതയിൽ നിന്ന് ₹72,98,950-ൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്.

നഗരത്തിനുള്ളിലെ ശാന്തമായ ഹരിത ഇടം

തിരക്കുകൾക്ക് പേരുകേട്ട മുംബൈ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ പ്രകൃതി പാത, സന്ദർശകർക്ക് സമാധാനപരമായൊരനുഭവമാണ് സമ്മാനിക്കുന്നത്. കമല നെഹ്‌റു പാർക്കിനെയും ഡൂംഗർവാടി വുഡ്‌സിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത, പ്രകൃതിസ്‌നേഹികൾക്ക് നഗരത്തിലെ ഹരിത ഇടങ്ങൾ അടുത്തറിയാൻ ഒരു സവിശേഷമായ അവസരം നൽകുന്നു. പരിസ്ഥിതിയുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് ആളുകളെ പ്രകൃതിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎംസി ഈ പദ്ധതി നടപ്പിലാക്കിയത്. വേനൽക്കാല അവധിക്കാലം മുതൽ ഈ പാത മുംബൈ നിവാസികൾക്കിടയിലും വിനോദസഞ്ചാരികൾക്കിടയിലും വൻ ജനപ്രീതി നേടിക്കഴിഞ്ഞു.

485 മീറ്റർ നീളവും 2.4 മീറ്റർ വീതിയും ഉള്ള ഈ പാത മുംബൈയുടെ സമ്പന്നമായ ജൈവവൈവിധ്യം അടുത്തറിയാൻ സഹായിക്കുന്നു. ഇവിടെ 200-ലധികം സസ്യ ഇനങ്ങൾ, വിവിധ തരം പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ കാണാൻ സാധിക്കും.
പച്ചപ്പിലൂടെ നടക്കുമ്പോൾ, ഗിർഗാവ് ചൗപാട്ടിയുടെ മനോഹരമായ കാഴ്ചയും വിശാലമായ കടൽക്കാഴ്ചയും ഇവിടെനിന്ന് ആസ്വദിക്കാം. കുരങ്ങുകൾ ആകർഷിക്കാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് ഭക്ഷണം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. വാട്ടർ ബോട്ടിലുകൾക്ക് മാത്രമേ അനുമതിയുള്ളൂ. ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ബിഎംസി ഒരുക്കിയിട്ടുണ്ട്. മുംബൈയിലെ പ്രകൃതി സ്‌നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയങ്കരമായി മാറിയിരിക്കുകയാണ് ഈ ‘ട്രീ ടോപ്പ് വാക്ക്’.

 

 

Leave a Reply

Your email address will not be published. Required fields are marked *