MAVOIST-680x450

ത്തീസ്ഗഡിലെ നക്സൽ ബാധിത ദണ്ഡകാരണ്യ മേഖലയിൽ സുരക്ഷാ സേനയ്ക്ക് ചരിത്രപരമായ നേട്ടം. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് കൂട്ടായ കീഴടങ്ങലിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. നിരവധി ഉന്നത നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകളാണ് ആയുധം താഴെ വെച്ചത്. പതിറ്റാണ്ടുകൾ നീണ്ട കലാപത്തിൽ ഒരു വഴിത്തിരിവായി കണക്കാക്കാവുന്ന ഈ സംഭവം, മേഖലയിൽ സമാധാനത്തിൻ്റെയും വികസനത്തിൻ്റെയും പുതിയ യുഗത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കാം. ജഗ്ദൽപൂരിൽ നടന്ന ഔപചാരിക കീഴടങ്ങൽ ചടങ്ങിൽ മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പങ്കെടുത്തിരുന്നു.

‘പൂന മാർഗേം: പുനരധിവാസത്തിൽ നിന്ന് പുനർജന്മത്തിലേക്ക്’ എന്ന പ്രമേയത്തിലുള്ള ചടങ്ങ്, ബലപ്രയോഗത്തിലൂടെയല്ല, സംഭാഷണത്തിലൂടെ തീവ്രവാദികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.

ആയുധം താഴെ വെച്ചവരിൽ ഒരു കേന്ദ്ര കമ്മിറ്റി അംഗം, നാല് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (DKSZC) അംഗങ്ങൾ, 21 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി മുതിർന്ന മാവോയിസ്റ്റ് നേതാക്കളുണ്ട്.
എകെ-47, എസ്എൽആർ, ഇൻസാസ് റൈഫിളുകൾ, എൽഎംജികൾ എന്നിവയുൾപ്പെടെ 153 ആയുധങ്ങളാണ് ഇവർ സുരക്ഷാ സേനയ്ക്ക് കൈമാറിയത്. രൂപേഷ് എന്ന സതീഷ് (കേന്ദ്ര കമ്മിറ്റി അംഗം), ഭാസ്‌കർ എന്ന രാജ്‌മാൻ മാണ്ഡവി (ഡികെഎസ്‌സി അംഗം), റനിത (ഡികെഎസ്എസ്‌സി അംഗം) എന്നിവരും കീഴടങ്ങിയവരിൽ പ്രമുഖരാണ്.

ബസ്തർ, ദണ്ഡകാരണ്യ മേഖലകളിൽ ശാശ്വത സ്ഥിരതയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പായി മുഖ്യമന്ത്രി വിഷ്ണു ദിയോ സായി ഈ കീഴടങ്ങലിനെ പ്രശംസിച്ചു.

‘പൂന മാർഗേം: പുനർവാസ് സേ പുനർജീവൻ’ എന്നതിൻ്റെ ആത്മാവാണ് ഈ കീഴടങ്ങൽ ഉൾക്കൊള്ളുന്നത്. അക്രമത്തിലല്ല, വിശ്വാസത്തിലും സംഭാഷണത്തിലും വികസനത്തിലും അധിഷ്ഠിതമായ ഞങ്ങളുടെ സമീപനം ഫലം കാണുന്നുവെന്നതിൻ്റെ തെളിവാണിത്,” മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷാ പ്രവർത്തനങ്ങളും ക്ഷേമ സംരംഭങ്ങളും സംയോജിപ്പിച്ച് വിശ്വാസാധിഷ്ഠിത സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2025 ലെ നക്സൽ നിർമാർജ്ജന നയത്തിൻ്റെ പ്രധാന വിജയമായാണ് ഈ കൂട്ട കീഴടങ്ങലിനെ വിലയിരുത്തുന്നത്. പോലീസ്, സുരക്ഷാ സേന, തദ്ദേശ ഭരണകൂടം, സമൂഹ സംഘടനകൾ എന്നിവയുടെ ഏകോപിത ശ്രമങ്ങളാണ് ചരിത്രപരമായ ഈ നേട്ടത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *