സർക്കാരിനെതിരായ വിമർശനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് പകരം നേരിട്ട് സഹായം എത്തിക്കുന്നതാണ് നല്ലതെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി. ജി. അരുൺ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ജനജീവിതത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ മാത്രമേ അഭിപ്രായപ്രകടനം നിയന്ത്രിക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. സർക്കാർ നടപടികളെ വിമർശിക്കുന്നത് ഈ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, അവശ്യസേവനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയിരുന്നു. എന്നാൽ, ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവശ്യസേവനങ്ങളുടെ പട്ടികയിൽപ്പെടുന്നില്ല എന്നും കോടതി വിധിയിൽ വ്യക്തമാക്കി.
