സംസ്ഥാനത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം, വന്യജീവി വകുപ്പ് റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിൽ വീയപുരം തടി ഡിപ്പോയുടെ ഭാഗമായി ആരംഭിച്ച ‘നഗരവാടിക’ പദ്ധതിയുടെയും വനശ്രീ ഇക്കോ ഷോപ്പിന്റെയും പ്രവർത്തനോദ്ഘാടനം വീയപുരം വനം ഡിപ്പോ അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിൽ ഉറപ്പിച്ചു നിർത്തണം. പ്രകൃതി സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. വനം ഡിപ്പോ അങ്കണത്തിലെ കുളത്തിന്റെ ആഴം വർദ്ധിപ്പിച്ച് കുട്ടവഞ്ചി സവാരിയും സ്പോർട്സ് കൗൺസിലുമായി ചേർന്ന് നീന്തൽ പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കാനും എംഎൽഎയുടെ ഇടപെടൽ ഉണ്ടാകണമെന്നും നഗരവാടികയിൽ വീയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ‘പ്രധാൻമന്ത്രി നഗർ വൻ യോജന’യിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി വീയപുരം ഡിപ്പോയുടെ ആറ് ഹെക്‌ടറോളം സ്ഥലത്ത് വിവിധങ്ങളായ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തദ്ദേശീയമായി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുവാനും ജനങ്ങൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമാകും. കുട്ടികളുടെ പാർക്ക്, അലങ്കാര മുളത്തോട്ടം, പ്രതീകവനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇടനിലക്കാരുടെ ചൂക്ഷണമൊഴിവാക്കി ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ശേഖരിക്കുന്ന വനവിഭവങ്ങൾക്ക് മെച്ചപ്പെട്ട വില നൽകി മൂല്യവർദ്ധനവിലൂടെ വിപണനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘വനശ്രീ ഇക്കോഷോപ്പും പൊതുജനങ്ങൾക്ക് ഇവിടെയെത്തി പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി, കൊല്ലം, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഡോ. ആർ കമലാഹർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ജില്ലാ പഞ്ചായത്തംഗം എ ശോഭ, വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി എ ഷാനവാസ്, പഞ്ചായത്തംഗം എം ജഗേഷ്, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ രാജേഷ്, റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ, പുനലൂർ ടിമ്പർസെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി കെ ഹാബി, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുമി ജോസഫ്, സ്കൂൾ വിദ്യാർഥികൾ, എസ്പിസി കേഡറ്റുകൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
