പ്രദീപും മമിത ബൈജുവും ഒന്നിച്ച റൊമാന്റിക് ഫൺ എൻ്റർടെയ്‌നറായ ‘ഡ്യൂഡ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടൻ ശരത് കുമാർ സിനിമയുടെ വിജയ ആഘോഷത്തിനിടെ നടത്തിയ രസകരമായ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡ്യൂഡ് എന്ന സിനിമയിലെ വേഷം തനിക്ക് ചെയ്യാൻ ആകുമെങ്കിൽ ദീപിക പദുക്കോണിനെ നായികയാക്കി ഒരു ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്നും ശരത് കുമാർ തമാശ രൂപേണ പറഞ്ഞു.
ശരത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ, “ഞാനും ഇപ്പോൾ ഒരു ‘ഡ്യൂഡ്’ ആണ്. അടുത്ത സിനിമയിൽ ദീപിക പദുക്കോൺ നായികയായി ഒരു ലവ് സോങ് ഉണ്ടെങ്കിൽ ഞാൻ അഭിനയിക്കാൻ റെഡിയാണ്. ഈ സിനിമയിലെ കഥാപാത്രം എന്നെക്കൊണ്ട് നിങ്ങൾക്ക് ചെയ്യിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതും നടക്കില്ലേ? ഐശ്വര്യ റായിയുടെ ഭർത്താവായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇനി നിങ്ങൾക്ക് ആരെ എൻ്റെ നായികയാക്കണം എന്ന് തോന്നുന്നുവോ അത് ചെയ്യാം, ഗാനം സായ് ചെയ്‌താൽ മതി.”
ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് തിയേറ്ററിൽ മികച്ച കൈയ്യടിയാണ് ലഭിക്കുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ആക്ഷൻ രംഗങ്ങളും പ്രദീപിൻ്റെ മാസ്സ് പ്രകടനങ്ങളും ചിത്രത്തിനുണ്ട്. കീർത്തീശ്വരൻ എഴുതി സംവിധാനം ചെയ്ത ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മിച്ചത്.
