നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ല എന്ന കോടതി വിധി വന്നതിനെ തുടർന്ന് സംവിധായകൻ ആലപ്പി അഷറഫ് ദിലീപിനോട് പരസ്യമായി മാപ്പ് ചോദിച്ചു. മുൻപ് ചാനൽ ചർച്ചകളിൽ ദിലീപിനെതിരെ രൂക്ഷമായ വിമർശനങ്ങളും വേദനിപ്പിക്കുന്ന പരാമർശങ്ങളും നടത്തിയതിനാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലായ ‘കണ്ടതും കേട്ടതും’ വഴിയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. അതിജീവിതയുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ച അഷറഫ്, കേസിൽ ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ കണ്ടെത്തലിനെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ് അഭിപ്രായപ്പെട്ടു. ദിലീപിന്റെ അറസ്റ്റിന് കാരണമായ സാഹചര്യങ്ങളെയും കേസിന്റെ നാൾവഴികളെയും അദ്ദേഹം ഓർത്തെടുത്തു. ദിലീപിന് അനുകൂലമായി വിധി വന്നതിൻ്റെ അടിസ്ഥാനത്തിൽ, തൻ്റെ മുൻ നിലപാടുകളിൽ ഖേദം പ്രകടിപ്പിച്ച ആലപ്പി അഷറഫ്, നടനോട് പരസ്യമായി നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തു.
ആലപ്പി അഷറഫിന്റെ വാക്കുകൾ ഇങ്ങനെ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വരുമ്പോൾ ആ സംഭവത്തിൻ്റെ നാൾവഴികളെക്കുറിച്ച് ചിലത് പറയാനുണ്ട്. ഒരു പാവം പെൺകുട്ടിയുടെ മാനത്തെ പിച്ചിച്ചീന്തിയ കാട്ടാളന്മാർക്കെതിരായ വിധി വന്നിരിക്കുകയാണല്ലോ. അന്ന് ആ രാത്രിയിൽ, അവളുടെ പ്രാണന്റെ പിടച്ചിലും കണ്ണുനീരും സമാനതകളില്ലാത്തതായിരുന്നു. ക്രൂരതയുടെ വേദനയിൽ നിന്നുയർന്ന ആ ദീനരോദനം കേട്ട് ആഘാതം കൊണ്ടവരും, എന്നാൽ അത് കണ്ടില്ലെന്ന് നടിച്ചവരും, കേട്ടില്ലെന്ന് നടിച്ചവരുമെല്ലാം ഇന്ന് പലവിധത്തിലുള്ള നീറുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് നമ്മൾ കാണുകയാണ്.
മധുരാനഗരം കത്തിച്ച ചാമ്പലാക്കിയ കണ്ണകിയെപ്പോലെയാണ് ഇവിടെ അതിജീവിത മാറിയതെന്ന് ആലപ്പി അഷറഫ് അഭിപ്രായപ്പെട്ടു. സംഭവം നടന്ന ഉടൻ തന്നെ തനിക്ക് ദിലീപിൻ്റെ മേൽ സംശയം തോന്നിയിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രി കലാകാരന്മാർ ദുബായിൽ നടന്ന ഒരു ഷോയുമായി ബന്ധപ്പെട്ട് നൽകിയ സൂചനകളായിരുന്നു ഇതിന് കാരണം. എന്നാൽ, ഈ സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാരിയർ ആദ്യമായി വെളിപ്പെടുത്തിയപ്പോൾ തൻ്റെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും, കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ട്’ എന്ന് ആവർത്തിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചതിനാലുമാണ് ദിലീപിന് 85 ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു സാധാരണ പൗരനെന്ന നിലയിലും ദിലീപിൻ്റെ മുൻ ചെയ്തികൾ അറിയാവുന്ന വ്യക്തി എന്ന നിലയിലും, നമ്മുടെ നീതിന്യായ വ്യവസ്ഥ പറയുന്ന കാര്യങ്ങൾ വിശ്വസിക്കണമോ അതോ ചാനലുകളിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്ന പി.ആർ. വർക്കേഴ്‌സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്ത ഉണ്ടാവാം. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ തങ്ങളുടെ ബന്ധങ്ങൾ മറന്ന് സംസാരിക്കേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല, നല്ലൊരു കലാകാരൻ എന്ന നിലയിൽ ഇഷ്ടവുമായിരുന്നു. ഇന്നുവരെ ഒരു കാര്യസാധ്യത്തിനു വേണ്ടിയും അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്നും ആലപ്പി അഷറഫ് കൂട്ടിച്ചേർത്തു.
ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അതിക്രമം സംഭവിച്ചു എന്നത് പച്ചയായ യാഥാർത്ഥ്യമാണെന്ന് ആലപ്പി അഷറഫ് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല എന്നത് പ്രോസിക്യൂഷൻ്റെയും സർക്കാരിൻ്റെയും പരാജയമാണ്. പ്രോസിക്യൂഷനും പോലീസും നിരത്തിയ തെളിവുകളും വാദങ്ങളും കെട്ടിച്ചമച്ചതാണെന്ന ദിലീപിൻ്റെ വാദങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോൾ വന്ന കോടതി വിധി. നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് താൻ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എങ്കിലും, കോടതി വിധി ഇപ്രകാരമായപ്പോൾ, ദിലീപിനുണ്ടായ ഭീമമായ തകർച്ചയ്ക്കും ജയിൽവാസത്തിനും അപമാനത്തിനും കരിയർ നഷ്ടത്തിനും ആര് ഉത്തരവാദിത്വം പറയും എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
ഈ വിഷയത്തിലെ കുറ്റവാളികൾ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇപ്പോൾ ഹാജരാക്കിയ തെളിവുകളുമായി ‘അപ്പീൽ പോകും’ എന്ന് പറഞ്ഞ് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ സ്ഥിതിഗതികൾ ഇതിലും ദയനീയമായിരിക്കുമെന്നും, ജനങ്ങളുടെ കണ്ണിൽ ഇനിയും പൊടിയിടാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചതിനും, ‘വെറുതെ വിട്ടാൽ മാപ്പ് പറയും’ എന്ന് മുൻപ് നൽകിയ വാക്ക് പാലിച്ചുമാണ് ഇപ്പോൾ സംസാരിക്കുന്നതെന്ന് ആലപ്പി അഷറഫ് പറഞ്ഞു. “അദ്ദേഹം നിരപരാധിയാണെന്ന കോടതി വിധിയിൽ വിശ്വസിച്ചുകൊണ്ട് എൻ്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. ഇത് എൻ്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണകൾ മൂലം സംഭവിക്കുന്ന തെറ്റുകൾ തിരുത്തുമ്പോഴാണ് നന്മയുള്ളവരായി മാറുന്നതെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.
