Home » Blog » Kerala » തോൽവിക്ക് കാരണം ജനങ്ങളുമായുള്ള അകൽച്ച; പി.കെ ശ്യാമളയ്ക്കെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ വിമർശനം
Mercedes-Benz-India-AMG-A45-S-Recovered-2-680x450

സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി തലത്തിൽ രൂക്ഷ വിമർശനം. തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങൾ ഉയർന്നത്. തെരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി അറിഞ്ഞിട്ടും സ്ഥാനാർത്ഥിയെ മാറ്റാൻ നേതൃത്വം തയ്യാറായില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പി.കെ. ശ്യാമളയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലെന്നും, എം.വി. ഗോവിന്ദനും പി.കെ. ശ്യാമളയും ഒരേ ശൈലിയും ശരീരഭാഷയും പിന്തുടരുന്നത് ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

 

പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും കടുത്ത പരാമർശങ്ങൾ ഉണ്ടായി. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്തയാൾ ജില്ലാ സെക്രട്ടറി പദവിയിലെത്തിയത് പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് അംഗങ്ങൾ ആരോപിച്ചു. ഓഫീസിലെ ജീവനക്കാരുടെ ഇടപെടലുകൾ വോട്ടുകൾ ചോർത്താൻ കാരണമായെന്നും, കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി സൃഷ്ടിച്ചുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

 

സംസ്ഥാന തലത്തിലും നേതൃത്വത്തിനെതിരെ അതൃപ്തി പുകയുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നിടത്തോളം കാലം പാർട്ടിക്ക് തിരിച്ചുവരവ് സാധ്യമല്ലെന്നും, രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോൻ പരാമർശം വലിയ തിരിച്ചടിയായെന്നും അഭിപ്രായമുയർന്നു. കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നുവെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന വികാരവും പാർട്ടിയിൽ ശക്തമാണ്.

 

കാസർഗോഡ് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. കെ.കെ. രാഗേഷിനെ ‘നേതാക്കളുടെ പെട്ടി താങ്ങി വളർന്ന അമൂൽ ബേബി’ എന്ന് പരിഹസിച്ച അംഗങ്ങൾ, ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്ന് ചില അംഗങ്ങൾ നിലപാടെടുത്തു. പി. ജയരാജൻ കൂടി പങ്കെടുത്ത യോഗത്തിൽ, കെ.കെ. ശൈലജയും പി. ജയരാജനും പാർട്ടിയുടെ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമായി ഉയർന്നു.