സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം (AIIS) രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നിർവഹിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിനും ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ തൊഴിലാളികളെയും ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളാക്കി അവർക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത ഏകീകൃത തിരിച്ചറിയൽ കാർഡുകൾ നൽകും. ഒരേ തൊഴിലാളിക്ക് ഒന്നിലധികം ബോർഡുകളിൽ അംഗത്വം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഈ സംവിധാനം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ‘അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്വെയർ സജ്ജമാണ്. തനത് സോഫ്റ്റ്വെയർ ഉള്ള ക്ഷേമനിധി ബോർഡുകളിലെ ഡാറ്റ AIIS-ലേക്ക് ഇന്റഗ്രേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. തനത് സോഫ്റ്റ്വെയർ ഇല്ലാത്ത ബോർഡുകൾക്ക് AIIS മുഖേന നേരിട്ട് രജിസ്ട്രേഷൻ നടത്തും. തൊഴിലാളികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, അതാത് ക്ഷേമനിധി ബോർഡ് ഓഫീസുകൾ വഴിയോ, സ്വന്തമായോ രജിസ്ട്രേഷൻ നടത്താനും വിവരങ്ങൾ പുതുക്കാനും കഴിയും.
ആനുകൂല്യ വിതരണം, അംശദായ ശേഖരണം എന്നിവ ഉൾപ്പെടുത്തിയാണ് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. തൊഴിൽ വകുപ്പിന്റെയും 16 ക്ഷേമനിധി ബോർഡുകളുടെയും കീഴിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇനിമുതൽ ആധാർ അധിഷ്ഠിതമാക്കും. ഇതിനായി UIDAI-യിൽ നിന്നും ലൈസൻസ് ലഭിച്ചിട്ടുണ്ട്. പ്രക്രിയ പൂർത്തിയാകുന്നതോടെ ആനുകൂല്യങ്ങൾ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യും. ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കാനും വിതരണം കൂടുതൽ സുതാര്യമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വേഗത്തിലാക്കുന്നതിനും പദ്ധതി നിർണായകമായി മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
