Home » Blog » Kerala » തൊണ്ടി മുതൽ കേസ്: ഹൈക്കോടതിയിൽ ആന്റണി രാജുവിന് തിരിച്ചടി; മത്സരിക്കാനാകില്ല
22

കൊച്ചി: തൊണ്ടി മുതൽ‍ കേസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും.

മുപ്പതുകൊല്ലത്തിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായതും. സ്ഥാനം നഷ്ടമാകുന്ന സമയത്ത് തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള എംഎൽഎയായിരുന്നു ആന്റണി രാജു. അയോഗ്യത മാറിക്കിട്ടാനായി ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ഫലം. പിന്നാലെയാണ് മേൽക്കോടതിയെ സമീപിച്ചത്.

അയോഗ്യത നീങ്ങിക്കിട്ടാതെ വന്നതോടെ, ഇത്തവണ തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കുമെന്ന ചോദ്യവും ഉയരുകയാണ്. ആന്റണി രാജുവിന്‌ ഹൈക്കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുമെന്നും മത്സരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്. ആരാകും മണ്ഡലത്തിൽ സ്ഥാനാർഥിയാവുക എന്നതാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഉയരുന്ന മറ്റൊരു ചോദ്യം.