ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതേ ആവശ്യവുമായി ആന്റണി രാജു നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, തൊണ്ടിമുതൽ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിന് നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവിന് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെതിരെ നൽകിയ ഹർജിയിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെടാൻ വിസമ്മതിച്ചിരുന്നു.
മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഈ തവണത്തെ തെരഞ്ഞെടുപ്പിൽ ആന്റണി രാജുവിന് മത്സരിക്കാനായിരുന്നില്ല. സുപ്രീംകോടതി അപ്പീൽ തള്ളിയതോടെ അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
