– തുറവൂർ ആശുപത്രി പുതിയ മന്ദിരത്തിന്റെയും ട്രോമ കെയർ സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
പത്തു വർഷത്തിനിടെ കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ മികച്ച ഉദാഹരണമാണ് തുറവൂർ താലൂക്ക് ആശുപത്രിയെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻപ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഈ ആശുപത്രിയെ കിഫ്ബി വഴി 51 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെ തന്നെ മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നായി സർക്കാർ ഉയർത്തിയതെന്നും മന്ത്രി പറഞ്ഞു. തുറവൂർ താലൂക്ക് ആശുപത്രി പുതിയ മന്ദിരത്തിന്റെയും ട്രോമ കെയർ സെന്ററിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ ഓരോ മണ്ഡലത്തിലുമുള്ള സർക്കാർ ആശുപത്രികളെയും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച ചികിത്സാ കേന്ദ്രങ്ങളായി സർക്കാർ പരിവർത്തിപ്പിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രതിദിനം 200ലധികം ആൻജിയോപ്ലാസ്റ്റികളും, മൂവായിരത്തോളം ഡയാലിസിസുകളും പൂർണ്ണമായും സൗജന്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജനകീയമായ ഈ ആരോഗ്യ സംവിധാനങ്ങളെ തകർക്കാൻ കോർപ്പറേറ്റ് കുത്തകകളുടെ സഹായത്തോടെ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തുറവൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം എൽ എ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സയ്ക്കായി വലിയ തുക ചെലവാക്കാതെ തന്നെ, സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് സർക്കാർ ഇവിടെ ഒരുക്കിയിരിക്കുന്നത്. ആധുനിക മെഡിക്കൽ ഉപകരണങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ പ്രദേശത്തെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും, പൊതുജനാരോഗ്യ രംഗത്തെ ഈ മുന്നേറ്റം ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും ദലീമ ജോജോ എം എൽ എ പറഞ്ഞു.
പുതിയ താലൂക്ക് ആശുപത്രി കെട്ടിടം ആറ് നിലകളുള്ളത്
ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ തുറവൂർ താലൂക്ക് ആശുപത്രി മന്ദിരം ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്നും 51.4 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെയും ട്രോമാകെയർ സെന്ററിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. . ആറ് നിലകളിലായി ഏകദേശം 6485 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ബഹുനില കെട്ടിടം സാധാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആകെ 150 ബെഡ്ഡുകൾ ക്രമീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ ജനറൽ ഒ.ടി, ഐ ഒ.ടി, ട്രോമ ഒ.ടി എന്നിങ്ങനെ മൂന്ന് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. മൈനർ ഓപ്പറേഷൻ, പ്രീ-ഓപ്പറേറ്റീവ്, പോസ്റ്റ്-ഓപ്പറേറ്റീവ് വാർഡുകൾക്ക് പുറമെ ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, മെഡിക്കൽ വാർഡുകൾ, ഇ.എൻ.ടി, സ്‌കിൻ, ഐ വാർഡുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സി.ടി സ്‌കാൻ, എക്‌സ്-റേ യൂണിറ്റുകൾക്കൊപ്പം ലബോറട്ടറി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനായി ‘ഡിസേബിൾഡ് ഫ്രണ്ട്‌ല ലിഫ്റ്റ് സൗകര്യങ്ങളും റാമ്പുകളും കെട്ടിടത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ ശുചിമുറികൾ, സുരക്ഷിതമായ കുടിവെള്ള സംവിധാനം, അഗ്‌നിശമന സംവിധാനങ്ങൾ എന്നിവയും അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിട്ടുണ്ട്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് വി വിനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം എൻ സിമിൽ, വി കെ ഗൗരീശൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജി രാജേശ്വരി, കുത്തിയാട് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി,ഡി എം ഒ ഡോ ജമുന വർഗീസ്, തുറവൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ വി ബി പിയുഗ്‌ന, സംസ്ഥാന ഭവന നിർമാണ ബോർഡ് ചീഫ് എൻജിനിയർ നൗഷാദ് മറ്റ് ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
