Home » Blog » Kerala » തിരുവല്ലയിൽ പോത്ത് വിരണ്ടോടി! ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരുക്ക്
buffalo--680x450

തിരുവല്ലയിലെ വളഞ്ഞവട്ടത്ത് ഡിസംബർ10ന് രാവിലെ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് പരിഭ്രാന്തി സൃഷ്ടിച്ച് ഓടിയത്. വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, കുച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ എന്നിവർക്കും തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർഗീസ് ഫിലിപ്പിനുമാണ് പരിക്കേറ്റത്.

വിരണ്ടോടുന്നതിനിടെ കണ്ണിൽ കണ്ടവരെയെല്ലാം പോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരെ തിരുവല്ലയിലെയും പരിസരങ്ങളിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തുകയും, ഉച്ചയ്ക്ക് ഒരു മണിയോടെ പോത്തിനെ തളയ്ക്കുകയും ചെയ്തു. കഴുത്തിലെ കയർ സമീപത്തെ മരത്തിൽ കെട്ടിയിട്ട് പോത്തിനെ ശാന്തനാക്കി നിർത്തിയിരിക്കുകയാണ്. വലിയ വടം ഉപയോഗിച്ച് പോത്തിന്റെ കാലുകൾ ബന്ധിക്കാനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും പോത്ത് ഉടമയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.