തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അഞ്ച് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തദ്ദേശ തെരഞ്ഞെടുപ്പിനെ വോട്ടർമാർ അതീവ ഗൗരവത്തോടെ കാണുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘2025-ൽ കോർപ്പറേഷനിൽ മാറ്റം പ്രകടമാകും. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിയെ ഏൽപ്പിക്കൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം,’ സുരേഷ് ഗോപി പറഞ്ഞു. കോർപ്പറേഷനിലെ അൻപത്തിയാറോളം വാർഡുകളിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശാസ്തമംഗലത്തെയും കവടിയാറിലെയും സ്ഥാനാർത്ഥികൾ ശക്തരാണ്. മുൻ ഡി.ജി.പി. ആർ. ശ്രീലേഖയെ താൻ ഇനി ‘മാഡം’ എന്ന് മാത്രമേ വിളിക്കുകയുള്ളൂവെന്നും നഗരത്തിന്റെ മുഴുവൻ നേതാവായി അവർ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ സ്ഥാനാർത്ഥികളെ മുൻനിർത്തി കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി നേതൃത്വം.
