കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് നേരിട്ടത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു. ജനവിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും വരാനിരിക്കുന്ന നിയമസഭയിൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പാർട്ടി സമഗ്രമായി പരിശോധിക്കുമെന്നും പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം, പ്രതികൂല സാഹചര്യങ്ങളിലും എൽഡിഎഫിന് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
വിജ്ഞാന സമ്പദ്‌വ്യവസ്ഥ, അതിദാരിദ്ര്യ നിർമാർജനം, സാമൂഹ്യനീതി തുടങ്ങിയ നവകേരള നിർമ്മാണത്തിനായുള്ള എൽഡിഎഫിന്റെ കാഴ്ചപ്പാടുകൾ ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ തുടർന്നും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന നല്ല നടപടികളെ പിന്തുണയ്ക്കുമെങ്കിലും, ജനവിരുദ്ധമായ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും. മതനിരപേക്ഷത ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന ചില സൂചനകൾ ഈ തിരഞ്ഞെടുപ്പിലുണ്ടെന്നും ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ്-പിആർ തലങ്ങളിൽ നിന്നുണ്ടായ വ്യാജ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ തളരാതെ എൽഡിഎഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാപകമായ വ്യാജ പ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അർദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ കാര്യങ്ങളെയും ആശ്രയിച്ചുള്ള അവതരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. ഈ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ എൽഡിഎഫ് തയ്യാറാണ്. നുണക്കഥകൾക്കും വ്യാജ പ്രചാരണങ്ങൾക്കും എൽഡിഎഫിനെ പിന്നോട്ടടിപ്പിക്കാനാവില്ലെന്നും കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും മുന്നണി പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
