മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച ‘ലോക’. റിലീസ് ചെയ്ത് 50 ദിവസത്തിൽ കൂടുതൽ പിന്നിട്ട ശേഷവും ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷകപ്രീതിയും കളക്ഷനും നേടുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടി ചരിത്രം കുറിച്ചത്.
50 ദിവസം പിന്നിട്ടെങ്കിലും ചിത്രത്തിന്റെ തിരക്ക് കാരണം കഴിഞ്ഞ ദിവസം കൊച്ചിയിലെ പിവിആർ സിനിമാസ് ഒരു എക്സ്ട്രാ ഷോ സംഘടിപ്പിക്കേണ്ടി വന്നു. ഈ അധിക ഷോകളിലും പ്രേക്ഷകർ നിറയുന്ന കാഴ്ചയാണ് കാണുന്നത്. ഒടിടി റിലീസിന് മുൻപ് തന്നെ സിനിമ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന സൂചന നൽകുന്ന ടീസർ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും സ്ട്രീമിംഗ് തീയതി ഇതുവരെ ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല.
‘ലോക’ ഇതിനോടകം നിരവധി റെക്കോർഡുകളാണ് തകർത്തെറിഞ്ഞത്. മലയാള സിനിമ ഇൻഡസ്ട്രി ഹിറ്റ്, ആദ്യമായി 300 കോടി നേടിയ മലയാള ചിത്രം, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചെയ്യപ്പെട്ട മലയാള ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ് എന്നിവ അതിൽ ചിലതാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി ‘ലോക’ മാറി എന്നത് ചിത്രത്തിന്റെ വലിയ ജനപ്രീതിക്ക് തെളിവാണ്. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ ‘പുലിമുരുകൻ’, ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘തുടരും’ എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ‘ലോക’യ്ക്ക് മുന്നിലുള്ളത്. അഞ്ച് ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം എത്തിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം നേരത്തെ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
