മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുന്ന ചിത്രമാണ് സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ‘കാന്ത’. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘കാന്ത’യുടെ പ്രൊമോഷൻ പരിപാടിക്കിടെ, തന്റെ അഭിനയ ജീവിതത്തിലെ ഗുരുക്കന്മാരെക്കുറിച്ച് ദുൽഖർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യത്തെതും മാറ്റമില്ലാത്തതുമായ ഗുരു മമ്മൂട്ടി തന്നെയാണെന്ന് ദുൽഖർ വ്യക്തമാക്കി. ഇതിന് പുറമെ, താൻ ഗുരുസ്ഥാനത്ത് കാണുന്ന മറ്റൊരാൾ സംവിധായകൻ അൻവർ റഷീദ് ആണെന്നും അദ്ദേഹം പറഞ്ഞു.
‘ തന്റെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ഗുരു അച്ഛൻ തന്നെയാണെന്നും, അതിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്കൂളിലെയും കോളേജിലെയും അധ്യാപകരെയും താൻ ഗുരുസ്ഥാനത്ത് കാണുന്നു. എന്നാൽ, അഭിനയ ജീവിതത്തിൽ താൻ എന്നും ഒരു മെന്ററായും ഗുരുവായും കണക്കാക്കുന്നത് സംവിധായകൻ അൻവർ റഷീദിനെയാണ്. തനിക്ക് വഴിത്തിരിവായ ‘ഉസ്താദ് ഹോട്ടൽ’ സംവിധാനം ചെയ്ത അൻവർ റഷീദ് ഇപ്പോഴും തന്റെ ഓരോ ചുവടിലും താങ്ങും തണലുമാണെന്ന് ദുൽഖർ പറയുന്നു. ഓരോ സിനിമയുടെയും ട്രെയിലർ പുറത്തിറങ്ങുമ്പോൾ “നന്നായിട്ടുണ്ട്, അടിപൊളിയാകും” എന്ന് അദ്ദേഹം പറയുന്ന ഒറ്റവാക്ക് അന്നത്തെ ദിവസം തനിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നും, തന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസായ ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്നതിലൂടെ ശ്രദ്ധേയനായ സെൽവമണി സെൽവരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രമാണ് ‘കാന്ത’. 1950-കളിലെ തമിഴ് സിനിമാ ലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ, യുവ സൂപ്പർതാരം ടി.കെ. മഹാദേവൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പ്രശസ്ത നടൻ സമുദ്രക്കനി, ‘അയ്യാ’ എന്ന് പേരുള്ള സംവിധായകനായി വേഷമിടുമ്പോൾ, നടൻ റാണ ദഗ്ഗുബതി ഒരു പോലീസ് ഓഫീസറുടെ റോളിൽ എത്തുന്നു. പുതുമുഖ നടി ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ പേര് ‘കുമാരി’ എന്നാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
