മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ സിനിമ രംഗത്തെ പുതിയ പ്രേവണതയെ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പാൻ ഇന്ത്യൻ സിനിമകളുടെ കാലമാണ് ഇപ്പോൾ, അതുകൊണ്ട് തന്നെ എല്ലാവരും പാൻ ഇന്ത്യൻ സിനിമകളുടെ പിന്നാലെ പോവുകയാണെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.
ബോളിവുഡിലേത് പോലെ തന്നെ മലയാള സിനിമയിലും താരങ്ങൾ പാൻ ഇന്ത്യൻ സിനിമകൾ ചെയ്യാൻ താത്പര്യപ്പെടുന്നു. മലയാളത്തിലും പല നടന്മാരും തങ്ങളുടെ ഇമേജിൽ കുടുങ്ങിക്കിടക്കുകയാണ്. നെഗറ്റീവ് കഥാപാത്രം ചെയ്താൽ പ്രേക്ഷകർ തങ്ങളെ ഏറ്റെടുക്കില്ല എന്ന ഭയം അവർക്കുണ്ട്. വ്യത്യസ്തമായ സിനിമകൾ ചെയ്യാനാണ് സംവിധായകൻ എന്ന നിലയിൽ തനിക്ക് താൽപര്യമെന്നും അതിനാൽ നടൻമാർ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ സാധിക്കുന്നവരാകണം എന്നും ജീത്തു ജോസഫ് പറഞ്ഞു. പാൻ ഇന്ത്യൻ സിനിമകളുടെ പശ്ചാത്തലത്തിൽ മിക്ക താരങ്ങളും ഇപ്പോൾ ലാർജർ ദാൻ ലൈഫ് കഥാപാത്രങ്ങൾക്ക് പിന്നാലെയാണ്.
മിക്ക നടന്മാരും ലോകയുടെ വിജയത്തോടെ ആശങ്കയിലാണെന്നും, സിനിമ വിജയിക്കുമോ എന്ന സംശയത്തെ തുടർന്ന് അഞ്ചോളം സിനിമകൾ വരെ ഒഴിവാക്കിയവരുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. “ഏത് തരം സിനിമകളാണ് അതെല്ലാം എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അതെല്ലാം റിയലിസ്റ്റിക് സിനിമകളായിരുന്നുവെന്നും അതിലൊന്ന് കോമഡിയായിരുന്നുവെന്നുമാണ് പറഞ്ഞത്. ഈ സിനിമകളിലൊന്നും ലാർജർ ദാൻ ലൈഫ് കഥാപാത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം ഇപ്പോൾ അത്തരം കഥാപാത്രങ്ങളാണ് നോക്കുന്നത്. അതിലൂടെ പാൻ ഇന്ത്യൻ റിലീസിനാണ് ലക്ഷ്യമിടുന്നത്. കാരണം, ഇപ്പോൾ മലയാളത്തിലും, കന്നഡയിലും, തെലുങ്കിലും പാൻ ഇന്ത്യൻ വിജയങ്ങൾ ഉണ്ടാകുന്നുണ്ട്” ജീത്തു ജോസഫ് പറയുന്നു. ബോക്‌സ് ഓഫീസിനെ ആശ്രയിച്ചിരിക്കെയാണ് താരങ്ങളുടെ വിജയം അതുകൊണ്ട് തന്നെ അവരെ കുറ്റം പറയാൻ കഴിയില്ല, ഒരു ഘട്ടം കഴിഞ്ഞാൽ ഒരേപോലുള്ള സിനിമകൾ പ്രേക്ഷകർക്കും മടുക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
