ശൈത്യത്തിന്റെ പിടിയിലമർന്ന് മൂന്നാർ. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് മൂന്നാറിൽ രേഖപ്പെടുത്തിയത്. ടൗണിൽ 1.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. ഉൾപ്രദേശങ്ങളിൽ മൈനസ് ഡിഗ്രി വരെ എത്തിയതായാണ് നാട്ടുകാർ പറയുന്നത്. അതിശൈത്യത്തെത്തുടർന്ന് ദേവികുളം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പുലർച്ചെ വാഹനങ്ങൾക്ക് മുകളില്‍ ഐസ് തുള്ളികള്‍ ദൃശ്യമായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിൽ കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാന വാരത്തിൽ താപനില മൈനസ് രണ്ട് ഡിഗ്രി വരെ താഴ്ന്നിരുന്നു. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നും ഈ മാസം അവസാനത്തോടെ താപനില വീണ്ടും മൈനസിലേക്ക് എത്താൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ സൂചനകൾ.
മൂന്നാറിൽ അനുഭവപ്പെടുന്ന കഠിനമായ തണുപ്പ് കുറച്ചുകാലമായി മന്ദഗതിയിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. അതിരാവിലെ നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ പുൽമേടുകളിൽ മഞ്ഞുവീഴ്ച ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കേറുകയാണ്. വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കാണാൻ സാധിക്കുന്ന ഇരവികുളം ദേശീയോദ്യാനം കൂടാതെ മാട്ടുപ്പെട്ടിയിലെ ബോട്ടിങ്, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. മനോഹരമായ ഈ കാഴ്ചകൾ ആസ്വദിക്കാൻ ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് ഇപ്പോൾ മൂന്നാറിലേക്ക് ഒഴുകുന്നത്.
