ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ സർഗ്ഗവാസനകളെ സമൂഹത്തിന് ഉപയുക്തമാക്കാനുമായി തവനൂർ സെൻട്രൽ ജയിൽ & കറക്ഷണൽ ഹോമിൽ ഡിസംബർ നാലു മുതൽ ആരംഭിച്ച ജയിൽ ക്ഷേമ ദിനാഘോഷം -‘കലാരവം 2025’ ന് തിരശ്ശീല വീണു. സമാപന സമ്മേളനം കായിക- ന്യൂനപക്ഷ ക്ഷേമ -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
തെറ്റ് തിരുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഇടക്കാല ഇടമാണ് ജയിൽ. അന്തേവാസികളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തുവരുന്നുണ്ട്. ജയിൽ ജീവിതം കൂടുതൽ മാനസികോല്ലാസമാക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിൽ ടർഫ് നിർമ്മിക്കുന്ന വിഷയം പരിഗണയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ. ടി ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തവനൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം സൂപ്രണ്ട് കെ.വി ബൈജു സ്വാഗതം പറഞ്ഞു. സിനിമാതാരം സുധീർ സുകുമാരൻ വിശിഷ്ടാതിഥിയായിരുന്നു. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ സമീർ മച്ചിങ്ങൽ, പ്രൊബേഷൻ ഓഫീസർ പി. സുബീഷ്, മഞ്ചേരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് വി.വിനീത് , തിരൂർ സബ്ജയിൽ സൂപ്രണ്ട് എൻ.കെ. അബ്ദുൽ ബഷീർ, അസിസ്റ്റന്റ് സൂപ്രണ്ട് കെ.ചിത്രൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സി.പി റിനേഷ്, വാർഡ് മെമ്പർ ജിജിനി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
