ശശി തരൂർ സിപഎമ്മുമായി അടുക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ദുബായിലെ പ്രമുഖ വ്യവസായി വഴി തരൂരിനെ എൽഡിഎഫിലെത്തിക്കാൻ നീക്കം നടക്കുന്നു എന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. ഇതൊരു സാങ്കല്പിക ചോദ്യം മാത്രമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
അതേസമയം, കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ നേരിട്ട അവഗണനയിൽ കടുത്ത അതൃപ്തിയിലാണ് ശശി തരൂർ. പ്രവർത്തക സമിതി അംഗമായിട്ടും തന്നെ വേദിയിൽ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അപമാനിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ തരൂർ മറ്റന്നാൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
