നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളമുള്ള ദേശീയപാതകളിൽ യാത്ര കൂടുതൽ ചെലവേറിയതാകുന്നു. മെയ് 23 മുതൽ സംസ്ഥാനത്തെ 60 ഓളം ടോൾ പ്ലാസകളിൽ പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയ ഈ പരിഷ്കാരം ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുച്ചി, കന്യാകുമാരി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളെയും അന്തർ-സംസ്ഥാന റൂട്ടുകളെയും വലിയ രീതിയിൽ ബാധിക്കും. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിലെ പരനൂർ, ആതൂർ, വാനഗരം, സുരപട്ട്, നല്ലൂർ, കൂടാതെ സമയപുരം, കപ്പലൂർ തുടങ്ങിയ പ്രധാന ടോൾ പ്ലാസകളിലെല്ലാം നിരക്ക് വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകളിലെ മാറ്റങ്ങൾ മുൻനിർത്തിയാണ് NHAI ഈ വാർഷിക ടോൾ പരിഷ്കരണം നടത്തിയിട്ടുള്ളത്. ഇതനുസരിച്ച് വിവിധ ടോൾ പ്ലാസകളിൽ 2.5% മുതൽ 2.7% വരെയാണ് നിരക്കുകൾ വർദ്ധിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഒറ്റത്തവണയുള്ള യാത്രാ നിരക്കിൽ വലിയ മാറ്റമില്ലെങ്കിലും, പലയിടങ്ങളിലും 24 മണിക്കൂറിനുള്ളിലെ മടക്കയാത്രാ നിരക്കിൽ 5 രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ വലിയ വാണിജ്യ വാഹനങ്ങളുടെ ടോൾ നിരക്ക് 10 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രാദേശിക നിവാസികളുടെ പ്രതിമാസ പാസ് നിരക്ക് 340 രൂപയിൽ നിന്നും 350 രൂപയായി ഉയർത്തിയത് സാധാരണക്കാർക്ക് തിരിച്ചടിയാണ്.
പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ തമിഴ്‌നാട്ടിലെ ദീർഘദൂര യാത്രകൾക്ക് പോക്കറ്റ് ചോരും. ഇതനുസരിച്ച് ചെന്നൈയിൽ നിന്നും മധുരയിലേക്കുള്ള ഒരു റൗണ്ട് ട്രിപ്പിന് കാർ യാത്രക്കാർ ഇനി മുതൽ 80 രൂപയോളം അധികം നൽകേണ്ടി വരും. ചെന്നൈ-കോയമ്പത്തൂർ യാത്രയ്ക്ക് ഏകദേശം 100 രൂപയും, തിരുച്ചി-സേലം യാത്രയ്ക്ക് 40 മുതൽ 50 രൂപ വരെയും ടോൾ ഇനത്തിൽ അധികച്ചെലവ് വരും. വേനൽക്കാല അവധിക്കാലത്തെ ഈ ടോൾ വർദ്ധനവ് വലിയ ഭാരമാണ് വരുത്തിവെക്കുന്നതെന്ന് ടാക്സി-ടൂറിസ്റ്റ് വാഹന ഉടമകൾ വ്യക്തമാക്കുന്നു. പ്രവർത്തനച്ചെലവ് ഉയർന്നതോടെ ദീർഘദൂര യാത്രകൾക്കുള്ള ഔട്ട്‌സ്റ്റേഷൻ പാക്കേജ് നിരക്കുകൾ 300 രൂപ മുതൽ 800 രൂപ വരെ വർദ്ധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അവർ കൂട്ടിച്ചേർത്തു.
