Home » Blog » Kerala » തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് വിവിധ ബ്രാൻഡുകൾ ലാഭമുണ്ടാക്കുന്നു: മോഹൻലാലിനു പിന്നാലെ അല്ലു അർജുനും ഹൈക്കോടതിയിൽ
Allu_Arjun_at_Pushpa_2_The_Rule_meet

സിനിമാ താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ഏറ്റവും പുതിയ കണ്ണിയായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. തന്റെ സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് താരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അടുത്തിടെ മലയാള നടൻ മോഹൻലാൽ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അല്ലു അർജുന്റെ നീക്കം.

 

തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് വിവിധ ബ്രാൻഡുകൾ ലാഭമുണ്ടാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അല്ലു അർജുൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപവും ശബ്ദവും ദുരുപയോഗം ചെയ്യുന്നതിനെതിരെ അദ്ദേഹം തന്റെ പരാതിയിൽ പ്രത്യേകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജമായ അനുകരണങ്ങൾ തന്റെ പ്രശസ്തിയെയും കരിയറിനെയും ദോഷകരമായി ബാധിക്കുമെന്നും തന്റെ ബ്രാൻഡ് മൂല്യം നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും താരത്തിന്റെ നിയമസംഘം കോടതിയെ അറിയിച്ചു.

 

തന്റെ അനുമതിയില്ലാതെ രൂപമോ ശബ്ദമോ മറ്റ് സ്വഭാവസവിശേഷതകളോ ഉപയോഗിച്ച് പരസ്യം നൽകുന്നതിനോ മറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ആർക്കും അവകാശമില്ലെന്ന് നിയമപോരാട്ടത്തിലൂടെ താരം വ്യക്തമാക്കുന്നു. വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2022-ൽ അമിതാഭ് ബച്ചനാണ് ഈ പോരാട്ടത്തിന് തുടക്കമിട്ടത്. തുടർന്ന് അനിൽ കപൂർ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സോനാക്ഷി സിൻഹ തുടങ്ങിയ പ്രമുഖ താരങ്ങളും സമാനമായ ഉത്തരവുകൾ കോടതിയിൽ നിന്ന് സമ്പാദിച്ചിരുന്നു. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ സെലിബ്രിറ്റികളുടെ സ്വകാര്യതയ്ക്കും കരിയറിനും ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ അല്ലു അർജുന്റെ ഈ നിയമനടപടി ഏറെ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം കാണുന്നത്.