ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണസംഘത്തിന്റെ നടപടികളിൽ കടുത്ത ദുരൂഹത ആരോപിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ദേവസ്വം ഭണ്ഡാരത്തിന്റെയും സ്വർണ്ണത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും മന്ത്രിക്കുമാണെന്നിരിക്കെ, തന്ത്രിയെ മാത്രം അറസ്റ്റ് ചെയ്യുകയും മന്ത്രിയെ വെറുതെ വിടുകയും ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എമ്മും കോൺഗ്രസും ചേർന്ന ‘കുറവാ സംഘമാണ്’ ഈ കൊള്ളയ്ക്ക് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയനും സോണിയ ഗാന്ധിക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പരിഹസിച്ചു.
എസ്.ഐ.ടി നീക്കം സംശയകരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും ആവർത്തിച്ചു. കടകംപള്ളി സുരേന്ദ്രനും പ്രശാന്തിനുമെതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ല. ഭണ്ഡാരം സൂക്ഷിക്കാൻ തന്ത്രിക്ക് അധികാരമില്ലെന്നിരിക്കെ, അദ്ദേഹത്തിന് സാമ്പത്തിക സഹായം ലഭിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പോലും പരാമർശമില്ല. യഥാർത്ഥ പ്രതികളെ മറച്ചുപിടിക്കാനാണ് തന്ത്രിയെ ബലിയാടാക്കുന്നത്. സോണിയ ഗാന്ധിക്ക് മന്ത്രച്ചരട് കെട്ടിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധിയുടെ മൊഴി എന്തുകൊണ്ട് എടുക്കുന്നില്ലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
