Home » Blog » Kerala » “തന്ത്രിയറിയാതെ സന്നിധാനത്ത് നിന്ന് സ്വര്‍ണം ഇളക്കിക്കൊണ്ടുപോകാനാവില്ല, അത് എല്ലാവരും മനസിലാക്കി വയ്ക്കണം”; വിഎന്‍ വാസവന്‍
5

കൊച്ചി: ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിശ്വാസി സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിച്ച് മാത്രമേ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുള്ളൂവെന്നും ഇക്കാര്യത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞത് ശരിയാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ഈ വിഷയത്തില്‍ വിശ്വാസി സമൂഹത്തിന്റെ താല്‍പര്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ നിയമമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചുള്ള നടപടികളാണ് ഈ ഉത്സവകാലത്തുണ്ടായത്. ഒരാചാരാനുഷ്ഠാനവും ഒരു സ്ഥലത്തും ലംഘിക്കാന്‍ അവസരം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. “ശബരിമല സന്നിധാനത്ത് നിന്ന് സ്വര്‍ണം ഇളക്കിക്കൊണ്ട് പോകണമെങ്കിലോ ഏതെങ്കിലുമൊരു പ്രവൃത്തി നടക്കണമെങ്കിലോ അതിന്റെ പരമാധികാരിയായി നില്‍ക്കുന്ന തന്ത്രിയുടെ അറിവില്ലാതെ സാധിക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. അത് എല്ലാവരും മനസിലാക്കി വയ്ക്കണം.” – മന്ത്രി പറഞ്ഞു.

അങ്ങനെ ഒരാക്ടിവിസമല്ല വരേണ്ടത്. പൊതുവായ നിലപാടെടുത്ത് പോകേണ്ടതാണെന്നാകും കടകംപള്ളി അന്ന് പറഞ്ഞിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.