തനിക്ക് പല കാര്യങ്ങളും പറയാനുണ്ട്, പിന്നീട് പറയാം’: കമല്‍ ഹാസന്‍

ചെന്നൈ: തന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’നെക്കുറിച്ചല്ലാതെ ഒരു തമിഴന്‍ എന്ന നിലയില്‍ തനിക്ക് പല കാര്യങ്ങളും പറയാനുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. എല്ലാം പിന്നീട് പറയാം. തമിഴ്‌നാട് മുഴുവന്‍ തന്റെ പിന്നില്‍ ഉറച്ചുനിന്നതിന് നന്ദിയുണ്ടെന്നും ‘തഗ് ലൈഫ്’ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. അതേസമയം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ തന്റെ പരാമര്‍ശത്തെക്കുറിച്ച് വിശദീകരിക്കാന്‍ കമൽ ഹാസൻ തയ്യാറായില്ല. കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന നടന്റെ പരാമര്‍ശമാണ് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

വിവാദ പ്രസ്താവനയുടെ പേരില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായശേഷം ആദ്യമായാണ് കമൽ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കമൽ ഹാസൻ ക്ഷമ ചോദിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യേണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് തീരുമാനിച്ചിട്ടുണ്ട്. കന്നഡ ഭാഷയ്ക്ക് ദീര്‍ഘമായ ചരിത്രമുണ്ടെന്നും കമല്‍ ഹാസന് അതിനെക്കുറിച്ച് അറിയില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. നടന്‍ ക്ഷമ ചോദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്രയും ആവശ്യപ്പെട്ടു. എന്നാല്‍, പരാമര്‍ശം പിന്‍വലിക്കാനും ക്ഷമ ചോദിക്കാനും കമൽഹാസൻ വിസമ്മതിച്ചു.

തെറ്റ് ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കും, അല്ലെങ്കില്‍ ഇല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതിനിടെ, ഒരു ചെറിയ ക്ഷമാപണം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ജനങ്ങളുടെ വികാരത്തെ വേദനിപ്പിക്കുന്ന തരത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നടപ്പിലാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞിരുന്നു. ‘ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ നിങ്ങള്‍ ചരിത്രകാരനോ ഭാഷാശാസ്ത്രജ്ഞനോ ആണോ? ഒരു ഭാഷയും മറ്റൊന്നില്‍ നിന്ന് പിറവിയെടുക്കുന്നില്ല. ഒരു ചെറിയ ക്ഷമാപണം പ്രശ്‌നം പരിഹരിക്കുമായിരുന്നു’ കോടതി ചൂണ്ടിക്കാട്ടി. പാന്‍-ഇന്ത്യ റിലീസ് തീയതിയായ ജൂൺ അഞ്ചിന് മണിരത്‌നം ചിത്രമായ ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ റിലീസ് ചെയ്യില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *