സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആലപ്പുഴയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ഇത് സംസ്ഥാനത്ത് തുടർഭരണം ഉറപ്പാക്കുന്നതിനുള്ള സുപ്രധാനമായ കാൽവെയ്പാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ അവരുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തിയായിരിക്കും വോട്ട് രേഖപ്പെടുത്തുകയെന്നും അത് തീർച്ചയായും ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധിക്ക് വഴിയൊരുക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി. കൂടാതെ, ശബരിമല വിഷയത്തെ ജനം തിരിച്ചറിവോടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് യാതൊരു അമാന്തവുമില്ലെന്നും ജനങ്ങളിൽ നിന്ന് യാതൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് മനഃപൂർവം അറസ്റ്റ് ചെയ്തില്ലെന്ന ചിലരുടെ ആരോപണത്തെ എം.എ. ബേബി തള്ളിക്കളഞ്ഞു. ഒരു അന്വേഷണത്തിലും പോലീസിനോ സർക്കാരിനോ യാതൊരു അമാന്തവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തെറ്റുകാരായ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും പരാതി കൈമാറാൻ വൈകിയിട്ടില്ലെന്നും എം.എ. ബേബി വ്യക്തമാക്കി. കൂടാതെ, സിപിഎമ്മിന് ഒരു വിഷയത്തിലും ഇരട്ടത്താപ്പില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിധി സംബന്ധിച്ച് പ്രതികരിച്ച എം.എ. ബേബി, കേരളത്തിലെ ജനങ്ങൾ നിയമസാക്ഷരത ഉള്ളവരാണെന്നും കോടതി വിധിയിൽ അവർ സാമാന്യ നീതി പ്രതീക്ഷിക്കുമെന്നും വ്യക്തമാക്കി. അതിജീവിതക്ക് കേരളം വലിയ പിന്തുണ നൽകുന്നുണ്ട്. താൻ അതിജീവിതയുടെ നീതിക്ക് വേണ്ടിയുള്ള നിലപാടിനൊപ്പമാണെന്നും, വിധിയിൽ കേരളത്തിലെ പൊതു മനസ്സിന് ആവലാതിയുണ്ടെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ, അതിനേക്കാൾ വലിയ കുറ്റകൃത്യം കാണിച്ച രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
