തദ്ദേശ തിരഞ്ഞെടുപ്പിൽ ‘വലിയ തോൽവി’ ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് വിലയിരുത്തി. ഘടകകക്ഷികൾ അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽ.ഡി.എഫ് യോഗം ചേർന്ന് ഫലം വിശദമായി വിലയിരുത്തും. ഇന്ന് ചേർന്ന യോഗത്തിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്.ഐ.ആർ (വോട്ടർപട്ടിക) സംബന്ധിച്ച കാര്യങ്ങളും തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതുമാണ് പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങൾ. തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് സി.പി.ഐ.എമ്മിൻ്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റ് ഘടകങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചു വരാനാകുമെന്നാണ് സി.പി.ഐ.എം കരുതുന്നത്. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും സി.പി.ഐ.എമ്മിനുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. അതേസമയം, ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.ഐ.എം നിലപാട് സി.പി.ഐ തള്ളി. ശബരിമല സ്വർണ്ണക്കൊള്ള വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സി.പി.ഐയുടെ പ്രധാന വിലയിരുത്തൽ.
