ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് വിദ്യാഭ്യാസ മുന്നേറ്റത്തിന് വിപുലമായ അവസരങ്ങൾ തുറന്ന് നൽകുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോ. രവി പിള്ള അക്കാഡമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് വിതരണച്ചടങ്ങ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യ ഘട്ടത്തിൽ 1500 വിദ്യാർഥികൾക്ക് 10 കോടി രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചുണ്ട്. പ്രമുഖ വ്യവസായി രവി പിള്ളയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ വ്യവസായ പ്രമുഖനായിട്ടും പൊതുസമൂഹത്തിന്റെ ഭാഗമാക്കി ഈ സംരംഭം നടപ്പിലാക്കുന്നത് നാടിനോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനക്ഷേമം മുൻനിർത്തിയുള്ള നിരവധി ഇടപെടലുകൾ രവി പിള്ള നടത്തിയിട്ടുണ്ടെന്നും, ഈ സ്‌കോളർഷിപ്പ് നാടിന് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉയർന്ന പഠനാവസരങ്ങളിലേക്ക് കുതിക്കാനുള്ള ആത്മവിശ്വാസം നൽകുന്നതാണ് ഈ പിന്തുണ.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗം ഇന്ന് രാജ്യത്തിന് മാതൃകയാണെന്നും, എന്നാൽ എല്ലാക്കാലവും സാഹചര്യം ഇത്തരത്തിലായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ട ഇരുണ്ട കാലഘട്ടം സംസ്ഥാനത്തിന് ഉണ്ടായിരുന്നു. സാമൂഹിക വ്യവസ്ഥയ്ക്കെതിരെ നവോത്ഥാന നായകരും ദേശീയ-പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ ഐക്യകേരളം രൂപപ്പെട്ടത്.
ആദ്യ തിരഞ്ഞെടുപ്പിന് ശേഷം ഇഎം എസ് നയിച്ച സർക്കാർ അപ്പർ പ്രൈമറി തലത്തിൽ വരെ ഫീസ് ഒഴിവാക്കി വിദ്യാഭ്യാസം സൗജന്യമാക്കി. 1967ലെ രണ്ടാം ഇ എം എസ് സർക്കാർ സെക്കൻഡറി വിദ്യാഭ്യാസവും സൗജന്യമാക്കിയതും, തുടർന്ന് ഉയർന്ന വിദ്യാഭ്യാസ മേഖലയിലും സർക്കാർ ഇടപെടലുകൾ ശക്തിപ്പെടുത്തിയതും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കി.
ജാതി-മത വൈരങ്ങൾ വളർത്താനുള്ള ശ്രമങ്ങളെ വിദ്യാർഥികൾ ജാഗ്രതയോടെ നേരിടണം. മനുഷ്യത്വം കൈവിടാതെ സമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കണം. ലഹരിവിരുദ്ധ നിലപാട് ശക്തമാക്കണമെന്നും, ലഹരി ഉപയോഗിക്കില്ലെന്ന ദൃഢ പ്രതിജ്ഞ വിദ്യാർഥികൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മമാർക്കും രക്ഷിതാക്കൾക്കും വിഷമമുണ്ടാക്കാത്ത ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർഥികൾ മാറണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ കടകം പള്ളി സുരേന്ദ്രൻ, രമേശ് ചെന്നിത്തല, കെ ആൻസലൻ, വി കെ പ്രശാന്ത്, എ വിൻസന്റ്, പി സി വിഷ്ണുനാഥ്, നോർക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക ഡയറക്ടർ ഡോ. രവി പിള്ള, പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലി, നോർക്ക സി ഇ ഒ അജിത് കൊളശ്ശേരി, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസുഫ് എന്നിവർ സംബന്ധിച്ചു. നോർക്ക സെക്രട്ടറി ടി വി അനുപമ സ്വാഗതമാശംസിച്ചു
